കുറ്റവാളിയെ കുടുക്കാന്‍ ഇനി ഡിറ്റക്ടീവ് കണ്ണടയും

 

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കുറ്റവാളികളെ കണ്ടുപിടിക്കുന്ന പുതിയ കണ്ണട വരാന്‍ പോകുന്നു. ദുബായില്‍ നടക്കുന്ന ഏറ്റവും വലിയ ടെക്നോളജി മേളയായ ജൈടെക്സില്‍ അബുദാബി പോലിസ് പ്രദര്‍ശിപ്പിച്ചതാണ് ഈ സ്മാര്‍ട്ട് ഗ്ലാസ്. റോബോട്ടിലൊക്കെ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള കൃത്രിമ ബുദ്ധിശക്തി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ കാമറ വഴിയാണ് കുറ്റവാളികളെ തിരിച്ചറിയുന്നത്. ഒരേ സമയത്ത് നൂറുകണക്കിന് മുഖങ്ങള്‍ സ്‌കാന്‍ ചെയ്ത് പോലിസിന്റെ ഡാറ്റാബേസിലുള്ള കുറ്റവാളിയുടെ മുഖവുമായി ഏതെങ്കിലുമാളുടെ മുഖം മാച്ച് ചെയ്യുന്നത് കണ്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍ വഴി സാധിക്കും. കുറ്റവാളിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പോലിസിന് നല്‍കാനും ഇവയ്ക്ക് കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

ആളുകളുടെ കണ്ണുകളും മുഖവും തിരിച്ചറിയാനാവുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് കുറ്റവാളികളെ കണ്ടെത്തുന്നത്. ഈ ഗ്ലാസ്സില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക ചിപ്പാണ് ഈ തെരച്ചില്‍ സാധ്യമാക്കുന്നത്. ‘തെരയാനും കണ്ടെത്താനും എളുപ്പം. ചെക്ക് പോയിന്റുകളില്‍ ശാരീരിക പരിശോധന നടത്തേണ്ട ആവശ്യമില്ല. കണ്ണിലെ കൃഷ്ണമണിയും മുഖത്തിന്റെ സവിശേഷതകളും തിരിച്ചറിഞ്ഞ് കുറ്റവാളികളെ കണ്ടെത്തുന്ന ഗ്ലാസുകള്‍ ആ ദൗത്യം എളുപ്പത്തില്‍ നിര്‍വഹിക്കും’- അബൂദബി പോലിസ് ഐ.ടി. ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ അദ്നാന്‍ അല്‍ ഹമ്മാദി പറഞ്ഞു.

ഈ സ്മാര്‍ട്ട് ഗ്ലാസ്സുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണെന്നും എത്രയും വേഗം പോലിസ് സേനയ്ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റവാളികളായ ആളുകളെ മാത്രമല്ല, വാഹനങ്ങള്‍, നമ്പര്‍ പ്ലേറ്റുകള്‍ തുടങ്ങിയവയും കണ്ടെത്തി വിവരം പോലിസിന് കൈമാറാന്‍ സ്മാര്‍ട്ട് ഗ്ലാസ്സുകള്‍ക്ക് സാധിക്കും. നമ്പര്‍ പ്ലേറ്റുകള്‍ സ്‌കാന്‍ ചെയ്ത് വാഹനത്തിന്റെ ഉടമ, രജിസ്റ്റര്‍ ചെയ്ത സ്ഥലം, വാഹനവുമായി ബന്ധപ്പെട്ട് നേരത്തേ രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനും ഇവയിലൂടെ സാധിക്കും. എമിറൈറ്റ്സ് ഐ.ഡിയിലുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡാറ്റാബേസിലെ വിവരങ്ങള്‍ വച്ച് തന്നെ ക്രിമിനലുകളെ ഈ രീതിയില്‍ കണ്ടെത്തുക എളുപ്പമാണെന്നും അദ്ദേഹം അറിയിച്ചു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: