കുമ്പസാരം നിര്‍ത്തണമെന്ന നിര്‍ദേശത്തിനെതിരെ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ

കുമ്പസാരം നിര്‍ത്തണമെന്ന നിര്‍ദേശത്തിനെതിരെ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ. കുമ്പസാരം കൂദാശയാണ്. ഭരണഘടനാവകാശം ചോദ്യംചെയ്യരുത്. കേന്ദ്രതീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. പീഡനക്കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അതിന്റെപേരില്‍ മതവിശ്വാസം തകര്‍ക്കരുതെന്നും കര്‍ദിനാള്‍ പറഞ്ഞു.

ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷയായ രേഖ ശര്‍മ്മയാണ് കുമ്പസാരം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്രൈസ്തവ സഭകളിലെ കുമ്പസാരം നിര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നത്. ഓര്‍ത്തോഡോക്‌സ് വൈദികരും ജലന്തര്‍ ബിഷപ്പും ഉള്‍പ്പെട്ട ബലാല്‍സംഗ കേസുകള്‍ കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കമ്മിഷന്‍ സമര്‍പ്പിച്ചു.

അതേസമയം കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശത്തിനെതിരെ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ രംഗത്തെത്തി. കുമ്പസാരം നിരോധിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണ് കുമ്പസാരം. ഞാന്‍ കുമ്പസരിക്കണമോ എന്നത് തീരുമാനിക്കുന്നത് ഞാനാണ്. കുമ്പസാരം നിരോധിക്കണമെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞത് സ്ത്രീപക്ഷ ചിന്ത അതിര് കടന്നുപോയതുകൊണ്ടായിരിക്കാമെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

അച്ഛന്‍മാര്‍ സ്വന്തം മക്കളെ ബലാത്സംഗം ചെയ്യുന്നതായി നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. അതുകൊണ്ട് പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ അച്ഛന്‍ വരാന്‍ പാടില്ലെന്ന് എന്നൊരു നിര്‍ദേശം പോയാലോ. അതുപോലെ അധ്യാപകര്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുണ്ട്. ശിക്ഷിക്കുന്നുമുണ്ട്. അതുകൊണ്ട് പുരുഷന്‍മാര്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ലെന്ന് എന്ന് പറയുന്നത് പോലെ ആയിപ്പോയി വനിതാകമ്മീഷന്റെ നിര്‍ദ്ദേശമെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

ന്യൂനപക്ഷകമ്മീഷനില്‍ ആറ് മതങ്ങളില്‍പ്പെട്ടവരാണ് ഉള്ളത്. അതില്‍ താന്‍ ക്രിസത്യന്‍മതത്തിന്റെ നോമിനിയാണ്. അതുകൊണ്ട് തനിക്ക് ക്രിസ്ത്യന്‍മതത്തിനെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അതിന്റെ പരിധിയില്‍ നിന്ന് പറയുന്നു. ഇങ്ങനെ ഒരു നിര്‍ദേശം നടപ്പാക്കാന്‍ അംഗീകരിക്കില്ല. ഇത് ഭരണാഘടനാ വിരുദ്ധമെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു

എന്നാല്‍ പരമ്പരാഗത ക്രൈസ്തവവിശ്വാസങ്ങളെയും സഭാസംവിധാനങ്ങളെയും പരിശുദ്ധ കൂദാശകളെയും ആക്ഷേപിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. മാനുഷികബലഹീനതകള്‍ മൂലം വ്യക്തികള്‍ക്കുണ്ടാകുന്ന വീഴ്ചകളുടെ പേരില്‍ ചില മാധ്യമങ്ങളും കേന്ദ്രങ്ങളും പരമ്പരാഗത ക്രൈസ്തവവിശ്വാസത്തെയും സഭാസംവിധാനങ്ങളെയും പരിശുദ്ധ കുദാശകളെയും സമൂഹമധ്യത്തില്‍ ആക്ഷേപിക്കാനും അവഹേളിക്കാനുമുളള ബോധപൂര്‍വ്വമായ ശ്രമങ്ങളെ തടയാനും ഇവര്‍ ആവശ്യപ്പെടുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: