കുമ്പസാരം നിരോധിക്കണമെന്ന പരാമര്‍ശം:വനിത കമ്മീഷന്റേത് വെറുപ്പും വിദ്വേഷവും പ്രതിഫലിപ്പിക്കുന്ന സമീപനമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം; പ്രതിഷേധം വ്യാപകമാകുന്നു

കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. സഭാനേതൃത്വവും ക്രൈസ്തവ സംഘടനകളും കൂട്ടായ്മകളും പ്രസ്താവനയില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ക്രിസ്തീയ ആചാരങ്ങളോടും പാരമ്പര്യങ്ങളോടും വെറുപ്പും വിദ്വേഷവും പ്രതിഫലിപ്പിക്കുന്ന സമീപനമാണ് ദേശീയ വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസപാക്യം പറഞ്ഞു. കുമ്പസാരം നിരോധിക്കുവാന്‍ വനിതാകമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയ സംഭവം നിക്ഷിപ്ത താത്പര്യങ്ങളോടെ സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ കണക്കുകൂട്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ക്രിസ്തീയ വിശ്വാസികളില്‍ വളരെയേറെ സംശയങ്ങളും ആശങ്കകളുമുളവാക്കുന്ന ഒരു സമീപനമാണു ദേശീയ വനിതാ കമ്മീഷന്‍ മുന്‍വിധിയോടെ സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തീയ ആചാരങ്ങളോടും പാരമ്പര്യങ്ങളോടും വെറുപ്പും വിദ്വേഷവും പ്രതിഫലിപ്പിക്കുന്ന ഒരു സമീപനമാണിത്. ഇനിയും തെളിയിക്കപ്പെടാത്ത ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍, സഭയിലെ ഉത്തരവാദപ്പെട്ടവരുമായി ആലോചിക്കാതെ കുമ്പസാരത്തിന്റെ ദൈവശാസ്ത്രപരവും ധാര്‍മികവും മനഃശാസ്ത്രപരവുമായ വശങ്ങളെ ചോദ്യം ചെയ്യുകയും അവഗണിക്കുകയും ചെയ്യുന്ന ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്.

സഭയുടെ വിശ്വാസത്തിലുറച്ചുനിന്നുകൊണ്ട് ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് എന്തും സഹിച്ച് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് മുന്നോട്ടുപോകും. ഓരോ കാലഘട്ടത്തിലും സഭയ്ക്ക് പ്രതിസന്ധികളി ലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. അപമാനവും വേദനയും സഹിക്കേണ്ടതായ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, പ്രതിസന്ധികള്‍ സഭയെ ഒരിക്കലും തളര്‍ത്തിയിട്ടില്ല, വളര്‍ത്തിയിട്ടേയുള്ളൂ. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു പ്രധാനമന്ത്രിക്കു നിവേദനം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയായിലും വിശ്വാസികള്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. കുമ്പസാരത്തെ ഇല്ലാതാക്കുവാന്‍ കഴിയുകയില്ലായെന്നും വനിതാകമ്മീഷന്‍ അധ്യക്ഷയുടെ വാക്കുകള്‍ വിശ്വാസികളുടെ അടുത്ത് വിലപോകില്ലായെന്നുമാണ് വിശ്വാസികള്‍ സോഷ്യല്‍ മീഡിയായില്‍ രേഖപ്പെടുത്തുന്നത്. അതേസമയം നിര്‍ദ്ദേശത്തിന് എതിരെ വരും ദിവസങ്ങളില്‍ വിവിധ സംഘടനകള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: