കുട്ടികളെ തല്ലുന്നത് നിരോധിച്ച് ബ്രിട്ടീഷ് ദ്വീപായ ജേഴ്സി; അയര്‍ലന്‍ഡിന് പിന്നാലെ യുകെയിലും നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു

അയര്‍ലണ്ടില്‍ പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കിയ നിയമം യുകെയിലും നടപ്പാക്കാന്‍ ഒരുങ്ങുന്നു. മാതാപിതാക്കള്‍ കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് യുകെയില്‍ ക്യാംപെയിനര്‍മാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. കുട്ടികളെ തല്ലുന്നത് നിയമപരമായി നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. കാരണമുണ്ടെങ്കില്‍ കുട്ടികളെ തല്ലാനും ശിക്ഷിക്കാനും അനുമതി നല്‍കുന്ന നിയമ വ്യവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ കുട്ടികളെ തല്ലുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നു. യൂറോപ്പില്‍ നിലവില്‍ കുട്ടികളെ മാതാപിതാക്കള്‍ തല്ലുന്നതിന് വിലക്കിലാത്ത ആറ് രാജ്യങ്ങള്‍ മാത്രമാണുള്ളത്. ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്ക്, ഫ്രാന്‍സ്, ഇറ്റലി, സ്ലോവാക്യ, യുകെ എന്നീ രാജ്യങ്ങളാണ് നിരോധനം ഇല്ലാത്തത്.

എന്നാല്‍ ബ്രിട്ടീഷ് ദ്വീപായ ജേഴ്‌സിയില്‍ അടുത്തിടെ ഈ നിയമം പിന്തുടരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഇതിനായി നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. സ്‌കോട്ടിഷ് പാര്‍ലമെന്റും ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാനുള്ള നടപടികളിലാണ്. ഇംഗ്ലണ്ടും ഇതിനെ പിന്തുടര്‍ന്ന് നിയമനിര്‍മാണം നടത്തിയേക്കുമെന്നാണ് കരുതുന്നത്. അയര്‍ലണ്ടില്‍ 2015 ല്‍ കുട്ടികളെ ഏതെങ്കിലും തരത്തില്‍ മാതാപിതാക്കളോ അദ്ധ്യാപകരോ ശിക്ഷിക്കുന്നത് നിരോധിച്ചുകൊണ്ട് നിയമം പാസാക്കിയിരുന്നു. അയര്‍ലന്റിന് പുറമെ ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക് തുടങ്ങി യൂറോപ്പിലെ മിക്ക രാജ്യങ്ങളില്‍ ഈ നിയമം നടപ്പാക്കിയിട്ടുണ്ട്.

കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിനെതിരെ ഇംഗ്ലണ്ടില്‍ നിലവിലുള്ള നിയമം അപര്യാപ്തവും കാലഹരണപ്പെട്ടതുമാണെന്ന് ക്യാംപെയ്നര്‍മാര്‍ പറഞ്ഞു. കുട്ടികളെ ശിക്ഷിക്കുന്നത് തെറ്റാണെന്ന് മാതാപിതാക്കളെ മനസിലാക്കുന്ന വിധത്തില്‍ നിയമം പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു. യുകെയില്‍ നിലവിലുള്ള നിയമം മുറിവുകളും പോറലുകളും ചതവുകളും ഉണ്ടാകുന്ന വിധത്തില്‍ കുട്ടികളെ ശിക്ഷിക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത്. മൂന്നിനെതിരെ 38 വോട്ടുകള്‍ക്കാണ് ജെഴ്സി ചൊവ്വാഴ്ച 2002ലെ ചില്‍ഡ്രന്‍സ് നിയമത്തില്‍ ഭേദഗതി പാസാക്കിയത്.

സ്‌കോട്ട്‌ലന്‍ഡ് പാസാക്കുന്ന നിയമമനുസരിച്ച് കുട്ടികളുടെ പിന്നില്‍ ചെറുതായി തല്ലിയാല്‍ പോലും അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാം. ഗാര്‍ഹിക പീഡനത്തിന് സമാനമാണ് കുട്ടികളെ തല്ലുന്നതെന്നും ബില്ലില്‍ പറയുന്നു. മാതാപിതാക്കള്‍ ശിക്ഷിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് ചില ‘വിദഗ്ദ്ധര്‍’ പറയുന്നത്. എന്നാല്‍ ഇത് അസംബന്ധമാണെന്ന് ചിലര്‍ വാദിക്കുന്നു. കുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ നടക്കുന്ന ക്യാംപെയിന്‍ ശരിയായ പഠനങ്ങളുടെ പിന്തുണയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കുട്ടികള്‍ അങ്ങേയറ്റം ദുര്‍ബലചിത്തരാണെന്നും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് ദോഷകരമാകുമെന്നുമാണ് ഇത്തരക്കാര്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് കുട്ടികളുടെ നേരെ ശബ്ദമുയര്‍ത്തുന്നതു പോലും പീഡനമായി കണക്കാക്കുന്നതെന്നും മറുവിഭാഗം വാദിക്കുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: