കുടിയേറ്റ വിരുദ്ധ നടപടി ശക്തമാക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍

 

കുടിയേറ്റക്കാരെ പുറത്താക്കാന്‍ കടുത്ത നടപടികളുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ മുന്നോട്ട്. കുടിയേറ്റവും അഭയം നല്‍കുന്നതും കര്‍ശനമായി നിയന്ത്രിക്കാനാണ് മക്രോണ്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്. രാജ്യത്ത അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകളും പൊതുപ്രവര്‍ത്തകരും രംഗത്തുള്ളപ്പോള്‍ തന്നെയാണ് കുടിയേറ്റ വിരുദ്ധ നയവുമായി മക്രോണ്‍ ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത്. നടപടികള്‍ക്ക് വേഗം കൂട്ടുന്നതിനായി പുതിയ നിയമം കൊണ്ടുവരുന്നു.

അനധികൃതമായി അതിര്‍ത്തി കടക്കുന്നത് പുതിയ നിയമം ക്രിമിനല്‍ കുറ്റമായി കാണുന്നു. നിലവില്‍ ഒരു വര്‍ഷത്തെ സമയമാണ് അഭയം കിട്ടുന്നതിനായുള്ള, അപേക്ഷയുടെ പരിഗണനയ്ക്കും നടപടിക്രമങ്ങള്‍ക്കുമായി നിലവിലുള്ളത്. ഇത് ആറ് മാസമായി വെട്ടിച്ചുരുക്കാനാണ് പുതിയ തീരുമാനം. ഇത് അഭയാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ഏപ്രിലില്‍ പുതിയ ബില്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്.

അതേസമയം മധ്യവര്‍ത്തി കക്ഷിയായ മക്രോണിന്റെ പാര്‍ട്ടിയിലും പുതിയ കുടിയേറ്റ നയം സംബന്ധിച്ച് ഭിന്നത ശക്തമാണ്. പാര്‍ട്ടിയിലെ ഇടതുപക്ഷ അനുഭാവികള്‍ ബില്ലില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി. ഫ്രാന്‍സ് റെഫ്യൂജി പ്രൊട്ടക്ഷന്‍ ഓഫീസിലെ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന ഫ്രാന്‍സിന്റെ പാരമ്പര്യത്തിന് വിരുദ്ധമാണ് ഈ നയമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം പല അഭിപ്രായ സര്‍വേകളിലും കുടിയേറ്റവിരുദ്ധ വലതുപക്ഷത്തിന് അനുകൂലമായാണ് കൂടുതല്‍ പേരും നിലപാട് എടുത്തിരിക്കുന്നത് എന്നത് ഗവണ്‍മെന്റിനെ സ്വാധീനിച്ചിരിക്കുന്ന കാര്യങ്ങളിലൊന്നാണ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മക്രോണ്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയായിരുന്നു. പ്രചാരണ വേളയില്‍ അഭയാര്‍ത്ഥികള്‍ക്കനുകൂലമായ, കൂടുതല്‍ മനുഷ്യത്വപരമായ സമീപനം കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്നതില്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. 2015ല്‍ അഭയാര്‍ത്ഥികളെ വലിയ തോതില്‍ സ്വീകരിച്ച ജര്‍മ്മനിയേയും ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനേയും ഇമാനുവല്‍ മക്രോണ്‍ പുകഴ്ത്തിയിരുന്നു. അഭയാര്‍ത്ഥികളെ സ്വീകരിച്ചതിലൂടെ യൂറോപ്പിന്റെ മൊത്തം അന്തസ് ആഞ്ജല കാത്തുസൂക്ഷിച്ചു എന്നാണ് മക്രോണ്‍ അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അധികാരത്തില്‍ ഇതില്‍ നിന്ന് മലക്കം മറഞ്ഞിരിക്കുകയാണ് മക്രോണ്‍.

ഡിസംബര്‍ കുടിയേറ്റ പരിശോധനയുമായി ബന്ധപ്പെട്ട് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുകള്‍ വിവാദമാവുകയും വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. മൊബൈല്‍ ടീമുകള്‍ രൂപീകരിച്ച കുടിയേറ്റ പരിശോധന കര്‍ശനമാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു ആഭ്യന്തര വകുപ്പ്. 2017ല്‍ ഒരു ലക്ഷത്തിലധികം പേരാണ് ഫ്രാന്‍സില്‍ അഭയത്തിനായി അപേക്ഷ നല്‍കിയത്. 2016ലേതിനേക്കാള്‍ 17 ശതമാനം കൂടുതല്‍. അപേക്ഷിച്ചവരില്‍ 36 ശതമാനം പേരെ മാത്രമാണ് ഇതുവരെ അഭയാര്‍ത്ഥികളായി അംഗീകരിച്ചിരിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: