കുടിയേറ്റക്കാര്‍ക്ക് അയര്‍ലണ്ടില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാന്‍ അവസരം കുറയുന്നതായി റിപ്പോര്‍ട്ട്

ഐറിഷ് സ്‌കൂളുകളില്‍ പഠിക്കുന്ന കുടിയേറ്റക്കാരുടെ മക്കള്‍ക്ക് വേണ്ടത്ര ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രൈമറി അധ്യാപകരും സ്‌കൂളുകളെ പ്രധാന അധ്യാപകരും ഇക്കാര്യത്തില്‍ ഏറെ വ്യാകുലരാണ്. ഐറിഷ് സമൂഹത്തിന്റെ ഭാഗമാകാന്‍ കുട്ടികള്‍ തടസം നേരിടുന്ന പ്രധാന ഘടകം ഇംഗ്ലീഷ് ഭാഷയാണെന്ന് ഇവര്‍ വിലയിരുത്തുന്നു. ഭാഷ പരിജ്ഞാനം കുറഞ്ഞവര്‍ക്ക് സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് മൈഗ്രെഷന്‍ ഇന്റഗ്രെഷന്‍ സ്ട്രാറ്റജി എന്ന സര്‍ക്കാര്‍ ഏജന്‍സിയും വെളിപ്പെടുത്തി.

സ്‌കൂളുകളില്‍ ഭാഷ അധ്യാപരുടെ കുറവ് അനുഭവപ്പെടുന്നത് ഭാഷ പ്രാവീണ്യം നേടാന്‍ കുട്ടികള്‍ക്ക് വിലങ്ങുതടിയായി മാറുന്നുവെന്ന് ഐറിഷ് നാഷണല്‍ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ആരോപിക്കുന്നു. രാജ്യത്താകെ ഏകദേശം ആയിരം ഇംഗ്ലീഷ് ഭാഷ അധ്യാപകര്‍ മാത്രമേ നിലവിലുള്ളു. പല ഭാഷകള്‍ സംസാരിക്കുന്ന കുടിയേറ്റ വിദ്യാര്‍ഥികള്‍ വര്‍ധിച്ചതോടെ ഇവരെ സഹായിക്കാനായി ഇംഗ്ലീഷ് അധ്യാപരുടെ എണ്ണവും കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. മുന്‍പ് ഐറിഷ് സ്‌കൂളുകളില്‍ ഉണ്ടായിരുന്ന ഭാഷ അധ്യാപരുടെ എണ്ണം സാമ്പത്തീക മാന്ദ്യ സമയത്താണ് കുറഞ്ഞത്.

2016 ല്‍ നടത്തിയ സെന്‍സസ് പ്രകാരം 612,018 ഐറിഷുകാര്‍ വിദേശ ഭാഷ സംസാരിക്കുന്നവരാണ്. 2011 നേക്കാള്‍ 19 ശതമാനം ആളുകള്‍ വിദേശ ഭാഷ സംസാരിക്കുന്നവരായി. പോളിഷ്,ഫ്രഞ്ച്, റൊമാനിയന്‍, ലിത്വാനിയന്‍ ഭാഷകളാണ് അയര്‍ലന്റിലെ പ്രധാന വിദേശ ഭാഷകള്‍. വിദേശ ഭാഷകള്‍ സംസാരിക്കുന്നവരില്‍ 77,000 പേര്‍ക്ക് ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കാനും കഴിയാത്തവരാണ്. ചൈന, റൊമാനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.

ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് അധ്യാപനം നടത്തുന്ന കോസ്മോപൊളിറ്റന്‍ സ്‌കൂളുകളും അയര്‍ലന്റിലുണ്ട്. പ്രൈമറി തലത്തില്‍ ഭാഷ പ്രാവീണ്യം നേടാത്തവര്‍ക്ക് പോലും ഇംഗ്ലീഷ് ഭാഷ പഠിച്ചെടുക്കാന്‍ മുഴുവന്‍ സമയ ഇംഗ്ലീഷ് അദ്ധ്യാപരുടെ സേവനങ്ങളും ഇത്തരം സ്‌കൂളുകളില്‍ ലഭ്യമാണ്. പ്രൈമറി തലത്തില്‍ ഭാഷയില്‍ വേണ്ടത്ര പരിജ്ഞാനം ലഭിക്കാത്ത കുട്ടികള്‍ക്ക് സെക്കണ്ടറി തലത്തില്‍ വളരെയേറെ പ്രയാസം നേരിടുന്നത് സ്‌കൂളുകളിലെ സ്ഥിരം കാഴ്ചയാണ്. ദേശീയ തലത്തില്‍ ഇംഗ്ലീഷ് ഭാഷ വികസനത്തിന് ഒരു പദ്ധതി അയര്‍ലണ്ടില്‍ കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണെന് ഭാഷ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.

 
ഡികെ

Share this news

Leave a Reply

%d bloggers like this: