കുഞ്ഞുങ്ങളെ കൊല്ലരുതേ…

ഡബ്ലിന്‍: ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്നത് മനുഷ്യ ജീവന് നേരെയുയര്‍ത്തുന്ന വെല്ലുവിളിയാണെന്ന മുദ്രാവാക്യവുമായി പ്രോലൈഫ് ക്യാംപെയ്നിങ് ഇന്ന് ഡബ്ലിനില്‍ നടക്കും. ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ എട്ടാം ഭരണഘടനാ ഭേദഗതി നിയമ വിധേയമാക്കാനുള്ള തീരുമാനത്തിലേക്ക് അയര്‍ലന്‍ഡ് നടന്നടുക്കുമ്പോള്‍ ജീവന് വില കല്പിക്കണമെന്ന സന്ദേശം ആവര്‍ത്തിച്ച് വിളിച്ചു പറയുകയാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍.

12 ആഴ്ച വരെ ഗര്‍ഭഛിദ്രം നിയന്ത്രണങ്ങളില്ലാതെ അനുവദിക്കപ്പെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ അബോര്‍ഷന്‍ ശാരീരികമായും മാനസികമായും സ്ത്രീ ജീവിതത്തെ പ്രതികൂലമാക്കുന്നുണ്ടെന്നാണ് അയര്‍ലണ്ടുകാരുടെ അനുഭവം തെളിയിക്കുന്നത്. വാസ്തവമല്ലാത്ത പ്രചാരണങ്ങള്‍ നടത്തി ഗര്‍ഭസ്ഥ ശിശുവിന്റെ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന് തുറന്ന് പറയാന്‍ വര്‍ഷങ്ങളായി അയര്‍ലണ്ടിലും യു.കെയിലും അബോര്‍ഷന്‍ ക്ലിനിക്കുകള്‍ നടത്തിവന്ന ഡോക്ടര്‍മാര്‍ തയ്യാറാകുന്നതും, ഗര്‍ഭഛിദ്രം ഗുണങ്ങളെക്കാള്‍ ഏറെ ദോഷങ്ങള്‍ ഉണ്ടാക്കുമെന്ന ഓര്‍മ്മപ്പെടുത്തലുകളാണ്. ഗര്‍ഭിണികള്‍ മറ്റു രോഗാവസ്ഥകളെ നേരിടുമ്പോള്‍ പലപ്പോഴും അബോര്‍ഷന്‍ നടത്തേണ്ട ആവശ്യം ഇല്ലെന്ന് ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങളും കുറവല്ല.

2012-ല്‍ Audrey Mc Elligott എന്ന യുവതിക്ക് ഗര്‍ഭം ധരിച്ച ശേഷമാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കീമോ തെറാപ്പിയിലൂടെ ഇവര്‍ ക്യാന്‍സറിനെ അതിജീവിച്ച് ഒരു ആണ്‍കുഞ്ഞിനെ ജന്മം നല്‍കുകയായിരുന്നു. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ നേരിടാന്‍ അബോര്‍ഷന്‍ നിര്‍ബന്ധമാക്കുന്ന ആശുപത്രി ലോബികളുടെ പൊള്ളത്തരങ്ങള്‍ക്ക് തെളിവാണ് Mc Elligott. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല; അയര്‍ലണ്ടില്‍ നിരവധി സ്ത്രീകള്‍ അര്‍ബുദത്തെ പ്രതിരോധിച്ച കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. കുഞ്ഞ് ജനിച്ചശേഷം ഉണ്ടായേക്കാവുന്ന അംഗവൈകല്യങ്ങളും മറ്റും ചൂണ്ടിക്കാണിച്ച് ഗര്‍ഭഛിദ്രം അനിവാര്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ക്ലിനിക്കുകളുടെ വളര്‍ച്ച മറ്റൊരു സാമൂഹ്യ വിപത്തിലേക്ക് രാജ്യത്തെ നയിക്കുമെന്ന് പ്രോലൈഫ് ആശങ്ക പ്രകടിപ്പിക്കുന്നു.

റേപ്പ് കേസുകളില്‍ ഗര്‍ഭിണിയാക്കപ്പെടുന്ന സ്ത്രീകളും അബോര്‍ഷന് നിര്‍ബന്ധിതരായിത്തീരുന്ന സാഹചര്യങ്ങളും കുറവല്ല. ക്രൂരമായ പീഡനത്തിന് വിധേയരായ ശേഷം വീണ്ടും ഗര്‍ഭചിദ്രം പോലെ മറ്റൊരു ക്രൂരതക്ക് കൂടി ഇത്തരം സ്ത്രീകള്‍ സാക്ഷികളാവുന്നത് അവരുടെ മാനസികനില തകരാറിലാക്കപ്പെടുന്നുണ്ട് എന്ന വസ്തുതയും പലപ്പോഴും മറച്ചുവെയ്ക്കപ്പെടുന്നു.

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമങ്ങള്‍ എടുത്തുകളയണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നു വന്നത് ഇന്ത്യന്‍ വംശജയായ സവിത ഹാലപ്പനാവറുടെ മരണത്തോടെയായിരുന്നു. ഗര്‍ഭിണിയായ സവിതക്ക് അബോര്‍ഷന്‍ അനുവദിക്കപ്പെടാത്തതിനാല്‍ അമ്മയും കുഞ്ഞും മരണപ്പെട്ടു എന്ന വാര്‍ത്താ പ്രചരണം തീര്‍ത്തും തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങള്‍. സവിതയുടെ രക്തത്തിലുണ്ടായ ഇന്‍ഫെക്ഷന്‍ ഗര്‍ഭപാത്രത്തിനെയും ബാധിക്കുകയായിരുന്നു. ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് അവരെ അപകടപ്പെടുത്തിയതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അബോര്‍ഷന്‍ അത്യാവശ്യമായ സാഹചര്യത്തില്‍ അവര്‍ക്ക് അത് അനുവദനീയവുമായിരുന്നു. അമ്മയെയും കുഞ്ഞിനേയും രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുകയും ചെയ്തിരുന്നു. ഗര്‍ഭഛിദ്രം അനുവദിക്കപ്പെടാത്തതിനാല്‍ സവിത മരിച്ചു എന്ന പ്രചരണം ശാസ്ത്രീയമായി തെറ്റാണെന്ന് അറിഞ്ഞിട്ടും ഗര്‍ഭഛിദ്രത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഇതൊരു ശക്തമായ ആയുധമാക്കി മാറ്റുകയായിരുന്നു.

ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന പല ഔഷധങ്ങളും അമ്മയുടെ ജീവനും ഭീഷണി ഉയര്‍ത്തുന്നുണ്ട്. അബോര്‍ഷന് ശേഷം മരിക്കുന്ന അമ്മമാരുടെ എണ്ണവും കൂടുന്നുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിക്കുന്നുണ്ട്. അബോര്‍ഷന് തയ്യാറാവുന്ന സ്ത്രീകളില്‍ പില്‍ക്കാലത്ത് മാനസിക പിരിമുറുക്കം വര്‍ധിച്ചുവരുന്ന സാഹചര്യങ്ങളും കാണാം. ഒരു ജീവനെ ഇല്ലാതാക്കിയതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ വിഷാദ രോഗത്തിന് അടിമപ്പെട്ട സ്ത്രീകള്‍ ഇന്ന് പ്രോലൈഫ് ക്യാംപെയ്നിന്റെ ഭാഗമാകുന്നതും ചെയ്തുപോയ പാപത്തിന്റെ പശ്ചാത്താപം ഉള്ളില്‍പ്പേറുന്നവരാണ്. സ്ത്രീകളുടെ ചിന്താഗതിയില്‍ മാറ്റം വന്നാല്‍ ഗര്‍ഭച്ഛിദ്രമെന്ന പ്രതിസന്ധിയെ വലിയൊരളവില്‍ പ്രതിരോധിക്കാന്‍ കഴിയും. അബോര്‍ഷന് പകരം അഡോപ്ഷന്‍ എന്ന മാനസിക മാറ്റമാണ് സമൂഹത്തിന് ഉണ്ടാകേണ്ടതെന്നും പ്രോലൈഫ് വക്താക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

 

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: