കുഞ്ഞുങ്ങളെ അള്‍ത്താരയോട് ചേര്‍ത്ത് വളര്‍ത്തുക : ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത്

അള്‍ത്താരയോട് ചേര്‍ത്ത് വളര്‍ത്തുന്ന കുഞ്ഞുങ്ങളെപറ്റി മാതാപിതാക്കള്‍ക്ക് ദുഃഖിക്കേണ്ടി വരില്ലെന്ന് ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് പറഞ്ഞു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുര്‍ബാന സെന്ററുകളിലെ കമ്മറ്റി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു ബിഷപ്പ്.

വിശ്വാസ പരിശീലനം കുടുംബങ്ങളില്‍ ആരംഭിക്കണം, ലിറ്റര്‍ജിയാണ് ഏറ്റവും വലിയ കാറ്റിക്കിസം. ദൈവതിരുമുന്‍പില്‍ മുട്ടു കുത്തുന്ന മാതാപിതാക്കളുടെ കുട്ടികളിലാണ് ദൈവവിളി കാണപ്പെടുന്നത്. ശക്തമായ ദൈവവിശ്വാസവും സഭാ സ്‌നേഹവും ഉള്ള അയര്‍ലണ്ടിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തില്‍നിന്ന് ധാരാളം ദൈവവിളി ഉണ്ടാകുമെന്ന് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു

നമ്മുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും കുട്ടികള്‍ വളര്‍ന്നു വരുവാന്‍, നമ്മുടെ കുട്ടികള്‍ തമ്മില്‍ ഇടപെടുവാന്‍ പറ്റിയ കൂടുതല്‍ സാഹചര്യങ്ങള്‍ ഉണ്ടാകണം. അതിന് കൂടെക്കൂടെയുള്ള ബലിയര്‍പ്പണങ്ങളും കാറ്റിക്കിസം ക്ലാസ്സുകളും ധ്യാനങ്ങളും മറ്റ് പരിപാടികളും സഹായിക്കും.

അല്‍മായരുടെ സഭാ സേവനവും ഒരു ദൈവവിളിയാണ്. സഭാ സേവനത്തിന് നിയോഗിക്കപ്പെട്ട ആളുകള്‍ തങ്ങളുടെ താല്‍പര്യം അല്ല മറിച്ച് ദൈവേഷ്ടവും സമൂഹനന്മയും ആണ് സംരക്ഷിക്കേണ്ടത് ബിഷപ്പ് പുതിയ കമ്മറ്റിയംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മുഖപത്രമായ ഹെസദിന്റെ പുതിയ ലക്കം എഡിറ്റര്‍ മജു പേക്കനില്‍ നിന്ന് സ്വീകരിച്ച ബിഷപ്പ് മുന്‍ സോണല്‍ കമ്മറ്റി ട്രസ്റ്റി സെക്രട്ടറി ജോണ്‍സണ്‍ ചാക്കാലയ്ക്കലിന് നല്‍കി പ്രകാശനം ചെയ്തു. മനോഹരമായി രൂപകല്പന ചെയ്ത കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ന്യൂസ് ലെറ്റര്‍ എല്ലാ കുടുംബങ്ങളിലും വിതരണം ചെയ്യും.

ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലെ കമ്മറ്റി അംഗങ്ങളും കാറ്റിക്കിസം ഹെഡ്മാസ്റ്റര്‍മാരും ഡബ്ലിനിലെ സീറോ മലബാര്‍ ചാപ്ലിന്‍മാരും യോഗത്തില്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: