കുഞ്ഞിനെ ദത്തെടുക്കുവാന്‍ സമീപിച്ച ഇന്ത്യന്‍ വംശജരായ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ചതായി റിപ്പോര്‍ട്ട്

കുഞ്ഞിനെ ദത്തെടുക്കുവാന്‍ സമീപിച്ച ഇന്ത്യന്‍ വംശജരായ ദമ്പതികളെ ബ്രിട്ടനിലെ സര്‍ക്കാര്‍ ഏജന്‍സി അധിക്ഷേപിച്ചു. ബ്രിട്ടനിലെ ബെര്‍ക്ക്‌ഷേറിലെ താമസക്കാരായ ഇന്ത്യന്‍ വംശജരായ സന്ദീപിന്നെയും ഭാര്യ റീന മന്ദറിനെയുമാണ് കുഞ്ഞിനെ ദത്തെടുക്കുവാന്‍ സമീപിച്ച ബ്രിട്ടനിലെ സര്‍ക്കാര്‍ ഏജന്‍സി വംശീയമായി അധിക്ഷേപിച്ചത്. നിറമോ വംശമോ നോക്കാതെ കുഞ്ഞിന് സ്‌നേഹം നിറഞ്ഞ ഒരു വീടിന്റെ സുരക്ഷിതത്വം നല്‍കാമല്ലോ എന്നോര്‍ത്താണ് ദമ്പതികള്‍ ദത്തെടുക്കുവാന്‍ വേണ്ടി സര്‍ക്കാര്‍ ഏജന്‍സിയെ സമീപിച്ചത്.

എന്നാല്‍ തങ്ങളുടെ സംരക്ഷണയിലുള്ളത് വെള്ളക്കാരായ കുട്ടികളാണെന്നും അതിനാല്‍ ബ്രിട്ടീഷ്-യൂറോപ്യന്‍ അപേക്ഷകര്‍ക്കാണ് ദത്ത് നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുന്നതെന്നുമുള്ള മറുപടിയാണ് ഈ ദമ്പതികള്‍ക്ക് ലഭിച്ചത്. ഒരു കുട്ടിയെ വളര്‍ത്താനുള്ള ശേഷിയോ കഴിവോ ഞങ്ങള്‍ക്കില്ലെന്നല്ല മറിച്ച്, ഞങ്ങളുടെ പൈതൃകം ഇന്ത്യ-പാകിസ്താന്‍ വിഭാഗത്തില്‍പ്പെട്ടതാണെന്ന് പറഞ്ഞാണ് അപേക്ഷ തള്ളിയതെന്നു സന്ദീപ് പറയുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്ന സന്ദീപും റീനയും 16 ഐവിഎഫ് പരീക്ഷിച്ച ശേഷമാണ് ദത്തെടുക്കല്‍ തീരുമാനത്തിലേക്കെത്തിയത്. പക്ഷേ കുട്ടികള്‍ക്ക് സമാന വംശത്തില്‍പ്പെട്ട മാതാപിതാക്കളെ ലഭിക്കണമെന്ന നിബന്ധന കൂടി പരിശോധിച്ചാണ് ബ്രിട്ടനിലെ ദത്തെടുക്കല്‍ ഏജന്‍സികള്‍ അപേക്ഷകരുടെ വംശവും പരിഗണിക്കുന്നത്.

ഇപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ തെരേസ മെയ് നേരത്തെ അഭ്യന്തര സെക്രട്ടറിയായിരുന്നപ്പോള്‍ ഇക്കാര്യത്തില്‍ ദമ്ബതികള്‍ക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. പ്രധാനമന്ത്രിയായ ശേഷവും ഇക്കാര്യത്തില്‍ ശിശുക്ഷേമവകുപ്പ് മന്ത്രിയോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അഡോപ്ഷന്‍ ഏജന്‍സിയുടെ തീരുമാനത്തിനെതിരെ നിയമപരമായി നീങ്ങണമെന്ന നിര്‍ദേശമാണ് ദമ്ബതികള്‍ക്ക് ശിശുക്ഷേമന്ത്രാലയം നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഏജന്‍സിയുടെ മനുഷ്യത്വരഹിതമായ നിലപാടിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന സന്ദീപിന്റേയും റീനയുടേയും ഇപ്പോഴത്തെ തീരുമാനം. ഇക്കാര്യത്തില്‍ ബ്രിട്ടനിലെ മനുഷ്യാവകാശ-സമത്വ കമ്മീഷന്റെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: