കിലോഗ്രാമിന്റെ നിര്‍വചനം മാറ്റുന്നു; ചരിത്രനിമിഷത്തിലേക്ക് ശാസ്ത്രലോകം

തൂക്കത്തിന്റെ അടിസ്ഥാന ഘടകമായ കിലോഗ്രാമിന്റെ ഭാരം നിശ്ചയിക്കുന്ന മാനദണ്ഡത്തിന് മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. പാരിസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്സ് ആന്റ് മെഷേസില്‍ കിലോഗ്രാമിന്റെ നിര്‍വചനം മാറ്റി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഭൗതിക വസ്തുവിനെ അടിസ്ഥാനമാക്കി നിര്‍വചിച്ച അവസാനത്തെ അളവ് കോലും ഇല്ലാതാകും.

അടുത്തവർഷം മേയ് 20 മുതൽ ഇപ്പോഴത്തെ നിർവചനമാവില്ല കിലോഗ്രാമിന്. നിർവചനം മാറുന്നുവെന്നുവെച്ച് അളവിലോ തൂക്കത്തിലോ കുറവുവരും എന്നു കരുതേണ്ട. അത് കൃത്യവും സൂക്ഷ്‌മവുമാക്കുന്നതിനാണ് വെള്ളിയാഴ്ച ഫ്രാൻസിൽ ചേർന്ന അളവുതൂക്ക പൊതുയോഗം പുതിയ നിർവചനത്തിന് അംഗീകാരം നൽകിയത്. വൈദ്യുതകാന്തിക ബലം അടിസ്ഥാനമാക്കിയാവും കിലോഗ്രാമിന്റെ പുതിയ നിർവചനം.

മിക്ക ആളുകള്‍ക്കും കിലോഗ്രാമിന്റെ അളവുകോല്‍ എങ്ങനെയാണെന്ന് അറിവില്ല. നിത്യജീവിതത്തില്‍ അളവ് സംവിധാനത്തിന് ഏറെ പ്രാധാന്യമുണ്ടെങ്കിലും അവയെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരല്ല. പാരിസിലെ രാജ്യാന്തര അളവുതൂക്ക ബ്യൂറോയില്‍ സൂക്ഷിച്ചിരിക്കുന്ന 90 ശതമാനം പ്ലാറ്റിനവും 10 ശതമാനം ഇറീഡിയവും ചേര്‍ന്ന ലോഹ സിലിണ്ടര്‍ ആണ് നൂറ്റാണ്ടിലേറെയായി കിലോഗ്രാമിന്റെ തൂക്കം നിര്‍വഹിക്കുന്നത്. കിലോഗ്രാമിന്റെ അടിസ്ഥാനം ഇതിന്റെ തൂക്കമാണ്.

എന്നാല്‍ ഭൗതിക വസ്തുവിനെ അടിസ്ഥാനമാക്കി കിലോഗ്രാമിനെ നിര്‍വചിക്കാനാവില്ലെന്നാണ് നിലവിലെ ധാരണ. കാലപ്പഴക്കം കാരണം ഈ സിലിണ്ടറില്‍ സംഭവിക്കുന്ന ഭാരമാറ്റം കിലോഗ്രാമിന്റെ തൂക്കത്തില്‍ മാറ്റം വരുത്തി തുടങ്ങിയതോടെയാണ് ശാസ്ത്രീയ മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്.

ഈ സിലിണ്ടറില്‍ ഒരു തരി പൊടിയോ മറ്റ് വസ്തുക്കളോ പറ്റിപിടിച്ചാല്‍ പോലും അളവില്‍ മാറ്റമുണ്ടാകും. അതിനാല്‍ പ്രകാശവേഗത്തെ അടിസ്ഥാനമാക്കി പ്ലാന്‍ക്സ് കോണ്‍സ്റ്റന്റ് ഉപയോഗിച്ച് കിലോഗ്രാം കണക്കാക്കുന്ന സങ്കീര്‍ണ സംവിധാനമായിരിക്കും ഇനി നിലവില്‍ വരിക. എന്നാല്‍ നിര്‍വചനം മാറ്റുന്നതിലൂടെ സാധാരണ നിലയിലുള്ള അളവു തൂക്ക പ്രക്രിയകളെ ഒരു തരത്തിലും ബാധിക്കില്ല. 1795ല്‍ ലൂയിസ് പതിനാറാമന്‍ രാജാവ് ഏര്‍പ്പെടുത്തിയതാണ് നിലവിലെ കിലോഗ്രാം സംവിധാനം. ഈ സംവിധാനം ക്രമേണ മറ്റു രാജ്യങ്ങളും സ്വീകരിക്കുകയായിരുന്നു.

2012-ലാണ് അളവുകളെല്ലാം പുനഃക്രമീകരിക്കണമെന്ന് ശാസ്ത്രലോകത്തുനിന്ന്‌ ആവശ്യമുയർന്നത്. പല ചർച്ചകളുടെയും അടിസ്ഥാനത്തിൽ 2016-ൽ ഇക്കാര്യത്തിൽ ഏകദേശധാരണയിലെത്തി. നിത്യജീവിതത്തിൽ സാധാരണക്കാരെ സംബന്ധിച്ച് പുതിയ നിർവചനംകൊണ്ട് മാറ്റങ്ങളൊന്നും വരില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഭാരം അളക്കാൻ ഇന്നുപയോഗിക്കുന്ന ഇരുമ്പിന്റെയും മറ്റും കട്ടികൾ തന്നെയാവും ഭാവിയിലും ഉപയോഗിക്കുക

 

 

എ എം

Share this news

Leave a Reply

%d bloggers like this: