കാസ്‌ട്രോ യുഗം അവസാനിക്കുന്നു; ക്യൂബയില്‍ പുതിയ നേതാവ്

ഹവാന: അറുപത് വര്‍ഷം നീണ്ടുനിന്ന കാസ്ട്രോ ഭരണത്തിന് വിരാമമിട്ട് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ഇന്ന് പടിയിറങ്ങും. വൈസ് പ്രസിഡന്റായിരുന്ന മിഗ്വേല്‍ ഡയസ് കനേല്‍ റൗളിന് പകരക്കാരനായേക്കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന ക്യൂബന്‍ നാഷണല്‍ അസംബ്ലിയിലാണ് പുതിയ പ്രസിഡന്റിന്റെ പേര് പ്രഖ്യാപിക്കുക.

2006 ലാണ് ക്യൂബന്‍ പ്രസിഡന്റായിരുന്നു ഫിദല്‍ കാസ്ട്രോ സഹോദരന്‍ റൗളിനെ അധികാരമേല്‍പ്പിച്ച് വിശ്രമ ജീവിതം തെരഞ്ഞെടുത്തത്. എങ്കിലും 2008 ലാണ് ക്യൂബന്‍ പ്രസിഡന്റ് സ്ഥാനം റൗളിന് പൂര്‍ണ്ണമായും കൈമാറുന്നത്. 86 കാരനായ റൗള്‍ പത്ത് വര്‍ഷത്തെ തന്റെ പ്രസിഡന്റ് ഭരണത്തിനാണ് വ്യാഴാഴ്ച തിരശ്ശീലയിടുന്നത്. ഇതുണ്ടാകുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്യൂബന്‍ സ്ഥാനം ഒഴിയുന്നുണ്ടെങ്കിലും അധികാരം നിയന്ത്രിക്കാന്‍ റൗളിന് കഴിയും, 2021 വരെ അദ്ദേഹം പൊളിറ്റ് ബ്യൂറോ തലപ്പത്തുണ്ടെന്നതാണ് അതിനുള്ള കാരണം.

പ്രസിഡന്റ് സ്ഥാനമൊഴിയുന്ന റൗളിന് പകരം 57 കാരനായ മിഗ്വേലിന്റെ പേര് നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വനിരയില്‍ താരതമ്യേന ചെറുപ്പമാണ് മിഗ്വേല്‍. 2013 ലാണ് അദ്ദേഹം വൈസ് പ്രസിഡന്റ് പദവിയിലെത്തുന്നത്. ഒരു തലമുറയുടെ തന്നെ അധികാര കൈമാറ്റത്തിനാണ് ക്യൂബ സാക്ഷ്യം കുറിക്കാനിറങ്ങുന്നത് എന്നതാണ് വസ്തുത. ക്യൂബന്‍ വിപ്ലവത്തിന്റെ ഭാഗമല്ലാത്ത മിഗ്വേല്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യത്തെ സാധാരാണ പൗരന്‍ കൂടിയാണ്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: