കാശ്മീര്‍ ; രക്ഷാ സമിതിയില്‍ ഇന്ന് ചര്‍ച്ച ; പെട്ടെന്നുള്ള ചര്‍ച്ചയ്ക്ക് പുറകില്‍ ചൈനയുടെ സമ്മര്‍ദ്ദം

ന്യൂയോര്‍ക്ക് : കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യണമെന്ന ചൈനയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് യു.എന്‍
രക്ഷാ സമിതിയില്‍ ഇന്ന് ചര്‍ച്ച. അടച്ചിട്ട മുറിയില്‍ അതീവ പ്രാധാന്യത്തോടെയാണ് രക്ഷാ സമിതി അധ്യക്ഷന്റെ നേതൃത്വത്തില്‍ വിഷയം ചര്‍ച്ചക്കെത്തുന്നത്. നാല് പതിറ്റാണ്ടിന് ശേഷമാണ് ജമ്മുകശ്മീര്‍ യു.എന്നില്‍ വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ രഹസ്യ ചര്‍ച്ച നടത്തണമെന്നാണ് യുഎന്‍ രക്ഷാ സമിതിയോട് ചൈനയുടെ ആവശ്യം. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രക്ഷാ സമിതിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന പോളണ്ടിനും സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് കത്തയക്കുകയും ചെയ്തിരുന്നു.

പാകിസ്താന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും ക്ഷമയെ ഇന്ത്യ ബലഹീനതയായി കാണരുതെന്നുമായിരുന്നു കത്തിലെ പരാമര്‍ശം. ഇന്ത്യ മേഖലയില്‍ ബലംപ്രയോഗിച്ചാണ് തീരുമാനം എടുത്തത് എന്നും, ഇന്ത്യ ഇനിയും ഇത്തരത്തില്‍ പ്രകോപനം ഉണ്ടാക്കിയാല്‍ പാകിസ്താന്‍ ശക്തമായി തിരിച്ചടിക്കുമെന്നും പാക് വിദേശകാര്യമന്ത്രിയുടെ കത്തില്‍ പരാമര്‍ശിക്കുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ നല്‍കിയ കത്ത് ചൂണ്ടിക്കാട്ടി ചൈന രംഗത്തെത്തിയത്.

ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. 15 അംഗ രക്ഷാസമിതിയില്‍ പാകിസ്താനെ ചൈന പിന്തുണയ്ക്കുമ്പോള്‍ യുഎസ് ഉള്‍പ്പെടെ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്നതാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ വലിയൊരിടവേളയ്ക്ക് ശേഷം കശ്മീര്‍ വിഷയം അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ എത്തിക്കാന്‍ പാകിസ്താന് കഴിഞ്ഞു എന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പാക് പ്രധാനമന്ത്രി ഉന്നയിക്കുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുകയും, വ്യാപാരബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിന് പിന്നാലെ നടന്ന പാക് വിദേശകാര്യമന്ത്രിയുടെ ചൈനാ സന്ദര്‍ശനവും വാര്‍ത്തയായിരുന്നു. എന്നാല്‍ 1971 ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനായിരുന്നു സുരക്ഷാ സമിതി അവസാനമായി കശ്മീര്‍ വിഷയം പരിഗണിച്ചത്.

Share this news

Leave a Reply

%d bloggers like this: