കാവേരി നദീജലത്തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി; കേരളത്തിന് അധിക ജലമില്ല

 

ന്യൂഡല്‍ഹി: കേരളവും കര്‍ണാടകയും, തമിഴ്നാടും തമ്മില്‍ പതിറ്റാണ്ടുകളായി തുടരുന്ന കാവേരി നദീജലതര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ വിധിയനുസരിച്ച് തമിഴ്നാടിനു അനുവദിച്ച അധിക ജലം വെട്ടിക്കുറച്ച കോടതി കര്‍ണാടകയുടെ വിഹിതം വര്‍ധിപ്പിക്കുകയും കേരളത്തിന് കൂടുതല്‍ ജലം നല്‍കേണ്ടെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു.

കേരളത്തിനു പുറമേ പുതുച്ചേരിക്കും അധികം ജലം നല്‍കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. കര്‍ണാടകയ്ക്ക് 14.75 ടിഎംസി ജലം അധികം നല്‍കണമെന്നാണ് വിധി. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടിഎംസിയായി വര്‍ധിച്ചു. തമിഴ്‌നാടിന് 192 ടിഎംസി ജലം നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധി ഭേദഗതി ചെയ്ത സുപ്രീംകോടതി അവരുടെ വിഹിതം 177.25 ടിഎംസിയായി വെട്ടിക്കുറച്ചു. ജലവിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 15 വര്‍ഷത്തേക്കാണ് ഇപ്പോഴത്തെ വിധിയെന്നാണ് വിവരം.

ആവശ്യമെങ്കില്‍ ഇത് പുനഃപരിശോധിക്കാമെന്നും കോടതി അറിയിച്ചു. വിധിയെ കര്‍ണാടകം സ്വാഗതം ചെയ്തു. കാവേരിയിലെ വെള്ളത്തിന്റെ പകുതിയിലധികവും തമിഴ്‌നാടിന് അനുവദിച്ചും മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തിനു നിര്‍ദേശിച്ചും 2007 ഫ്രെബുവരിയിലാണു ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. അതിനെതിരെ കര്‍ണാടകയും തമിഴ്‌നാടും കേരളവും നല്‍കിയ അപ്പീലുകളാണു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്.

ജസ്റ്റിസുമാരായ അമിതാവ് റോയ്, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കാവേരി ജലം രാജ്യത്തിന്റെ പൊതുസ്വത്താണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഒരു സംസ്ഥാനത്തിനും പ്രത്യേകം അവകാശം ഉന്നയിക്കാനാകില്ലെന്ന് വ്യക്തമാക്കി. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാനും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതേ സമയം സുപ്രീംകോടതി വിധി തമിഴ്നാടിനെ ഞെട്ടിച്ചു. വിധിക്കെതിരെ വിവിധ കക്ഷികള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: