കാലോടിഞ്ഞ് ചികിത്സയിലായ രോഗിയുടെ കൈവിരലൊടിച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗിയോട് ജീവനക്കാരന്റെ ക്രൂരത. പ്രതിഷേധം ശക്തമായതോടെ ഇയാളെ സസ്പെന്‍ഡ് ചെയ്തതായി സൂപ്രണ്ട് അറിയിച്ചു. നഴ്സിംഗ് അസിസ്റ്റന്റ് ആയ സുനില്‍കുമാറാണ് ക്രൂരകൃത്യം ചെയ്തത്. കാലൊടിഞ്ഞ് ചികിത്സയിലായ രോഗിയുടെ കൈവിരല്‍ ഇയാള്‍ ഞെരിച്ചൊടിക്കുകയും തല്ലാന്‍ തുടങ്ങുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതോടയാണ് സംഭവം പുറത്തെത്തുന്നത്.

വേദന സഹിക്കാതെ രോഗി പുളയുന്നതും സുനില്‍ കുമാര്‍ ഇയാളോട് കയര്‍ത്ത് സംസാരിച്ച് തല്ലാന്‍ തുടങ്ങുന്നതുമായ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാര്‍ഡിലുണ്ടായിരുന്ന മറ്റൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിവരം. വിളക്കുപാറ സ്വദേശി വാസുവാണ് ക്രൂരതയ്ക്കിരയായതെന്ന് പിന്നീട് അന്വേഷണത്തില്‍ മനസിലാക്കി.

സംഭവത്തെക്കുറിച്ചന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടിരുന്നു. പ്രാഥമികാന്വേഷണത്തില്‍ സംഭവം മെഡിക്കല്‍ കോളേജിലാണെന്ന് ബോധ്യപ്പെടുകയും ജീവനക്കാരനെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയിലെ സംഭവം എന്ന് നടന്നുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോള്‍ ആ രോഗി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലില്ല. എങ്കിലും വാര്‍ഡ് 15 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വകുപ്പ്തല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: