കാലിഫോര്‍ണിയയിലെ കാട്ടുതീ കെടുതി അമേരിക്കയെ നടുക്കുന്നു; മരണം 70 കടന്നു, ആയിരത്തിലധികം പേരെ കാണാനില്ല

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കത്തിപ്പടര്‍ന്ന കാട്ടുതീയില്‍ വെള്ളിയാഴ്ച വരെ 71 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ആയിരത്തിലേറെപ്പേരെ കാണാനില്ലെന്ന് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ദുരന്തത്തില്‍ അഭയാര്‍ഥികളായവരെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാണാതായവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തില്‍ പാരഡൈസ് നഗരത്തില്‍ അവശേഷിച്ചത് കരിയും ചാരവും മാത്രമാണ്. വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ കത്തിപ്പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു. വീടുകളുള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏറെക്കുറെ തകര്‍ന്ന നിലയിലാണുള്ളത്. മൊബൈല്‍ നെറ്റ്വര്‍ക്ക് കവറേജ് കുറഞ്ഞ സാഹചര്യത്തില്‍ ദുരിത ബാധിതരുമായി ബന്ധപ്പെടാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമായി ബാധിക്കുന്നുണ്ട്.

കാട്ടുതി ഉണ്ടാക്കിയ നാഷനഷ്ടങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ പ്രസിഡന്റ് ട്രമ്പ് ശനിയാഴ്ച കാലിഫോര്‍ണിയയില്‍ എത്തും.പതിനായിരത്തോളം അഗ്‌നിശമന സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രിക്കാനുള്ള പരിശ്രമത്തില്‍ മുഴുകിയിരിക്കുന്നത്. നവംബര്‍ എട്ടിന് ക്യാമ്പ് ഫയര്‍ കാട്ടുതീ തുടങ്ങിയ ശേഷം നടന്ന എമര്‍ജന്‍സി കോളുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കാണാതായവരുടെ ലിസ്റ്റ് തയാറാക്കിയതെന്നും, ജീവനോടെയുള്ള ആരുടെയെങ്കിലും പേര് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു. വടക്കന്‍ മേഖലയില്‍ വന്‍ നാശം വിതച്ച ക്യാമ്പ് ഫയറിന്റെ 40 ശതമാനം കെട്ടണയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്നര ലക്ഷം ഏക്കര്‍ സ്ഥലം ചാമ്പലാക്കിയ കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു.

ലോസാഞ്ചലസിനു സമീപം തുടക്കമിട്ട തീപിടുത്തം ഒരു ലക്ഷത്തോളം ഏക്കര്‍ സ്ഥലം വെണ്ണീറാക്കി. ഈ കാട്ടുതീയുടെ 62 ശതമാനം നിയന്ത്രണ വിധേയമാക്കി. മറ്റ് ചെറിയ കാട്ടുതീകള്‍ പലതും ഏതാണ്ട് പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാട്ടുതീയില്‍ പൂര്‍ണമായി തകര്‍ന്ന പാരഡൈസ് നഗരം ഇനി ആദ്യം മുതല്‍ പുനര്‍ നിര്‍മിക്കേണ്ട അവസ്ഥയാണെന്നും, ഇതിന് വര്‍ഷങ്ങള്‍ എടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ സൈന്യവും ഫോറന്‍സിക് സംഘവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനവും ആളുകള്‍ക്കായുള്ള തെരച്ചിലും നടത്തിക്കൊണ്ടിരിക്കുകയാണ്.

https://twitter.com/Dossary__502/status/1063054537370537984

എ എം

Share this news

Leave a Reply

%d bloggers like this: