കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴില്‍ നടത്തുന്ന കോഴ്‌സുകള്‍ക്കുള്ള അംഗീകാരം യുജിസി പിന്‍വലിച്ചു

കോഴിക്കോട്: കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴില്‍ നടത്തുന്ന കോഴ്‌സുകള്‍ക്കുള്ള അംഗീകാരം യുജിസി പിന്‍വലിച്ചു. സര്‍വ്വകലാശാലയുടെ പരിധിക്ക് പുറത്ത് സെന്ററുകള്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശം തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് കോഴ്‌സുകളുടെ അംഗീകാരം റദ്ദാക്കാന്‍ യുജിസി തീരുമാനിച്ചത്. 201516 അക്കാദമിക വര്‍ഷത്തില്‍ കോഴ്‌സ് നടത്തുന്നതിനുള്ള അനുമതിയാണ് പിന്‍വലിച്ചത്.

വിദേശത്ത് ഉള്‍പ്പെടെ ഒരു നിയന്ത്രണവും ഇല്ലാതെയാണ് കാലിക്കറ്റ് സര്‍വ്വകലാശാല സെന്ററുകള്‍ അനുവദിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പരിധിയിലുള്ള അഞ്ച് ജില്ലകള്‍ക്ക് പുറത്ത് ഇപ്പോഴും സര്‍വ്വകലാശാല കൗണ്‍സിലിങ്ങ് സെന്ററുകള്‍ നടത്തുന്നുണ്ട്. ഇവയുടെ അംഗീകാരം ഒരു വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗം പുതുക്കി നല്‍കിയിരുന്നു.

കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴില്‍ വിവിധ കോഴ്‌സുകളിലേക്ക് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോഴ്‌സുകളുടെ അംഗീകാരം യുജിസി പിന്‍വലിച്ചതോടെ ഈ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിലായിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ചേരുമ്പോള്‍ യുജിയിസുടെ വെബ്‌സൈറ്റ് പരിശോധിച്ച് കോഴ്‌സുകളുടെ അംഗീകാരം ഉറപ്പ് വരുത്തണമെന്ന് യുജിസി നിര്‍ദ്ദേശിക്കുന്നു.

ചില സര്‍വ്വകലാശാലകള്‍ തങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരം ഉണ്ടെന്ന് പരസ്യം ചെയ്യുന്ന സാഹചര്യത്തിലാണ് യുജിസി പബ്ലിക് നോട്ടീസ് പുറത്തിറക്കിയത്. സര്‍വ്വകലാശാലകളുടെ പരിധിക്ക് പുറത്തുള്ള കേന്ദ്രങ്ങളില്‍ നടത്തുന്ന കോഴ്‌സുകള്‍ക്ക് അംഗീകാരം യുജിസി നല്‍കിയിട്ടില്ലെന്ന് പബ്ലിക് നോട്ടീസില്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: