കാറ്റലോണിയ വിഘടനവാദികളുമായി ചര്‍ച്ചക്ക് തയ്യാറെടുക്കുന്ന പ്രധാനമന്ത്രിക്കെതിരെ സ്‌പെയിനില്‍ തീവ്രവലതുപക്ഷക്കാരുടെ വന്‍ പ്രതിഷേധം

കാറ്റലോണിയ വിഘടനവാദികളുമായി ചര്‍ച്ചക്ക് തയ്യാറെടുക്കുന്ന പ്രധാനമന്ത്രിക്കെതിരെ സ്‌പെയിനില്‍ വന്‍ പ്രതിഷേധം. വലതുപക്ഷ പാര്‍ട്ടികളാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പ്രധാന വലതുപക്ഷ പാര്‍ട്ടികളായ പിപി, സിറ്റിസണ്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭമാണിത്. മാഡ്രിഡിലായിരുന്നു സമരം. കാറ്റലോണിയ വിഘടനവാദികളുമായുള്ള പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്റെ അനുനയ നീക്കമാണ് പ്രതിഷേധത്തിന് കാരണം.

കാറ്റലോണിയ വിഘടനവാദികളുമായി അനുരഞ്ജന ചര്‍ച്ച നടത്താനുള്ള പെഡ്രോ സാഞ്ചസിന്റെ നീക്കം രാജ്യദ്രോഹവും രാഷ്ട്രവഞ്ചനയുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഘടനവാദികളുമായി വട്ടമേശ ചര്‍ച്ച നടത്താനായി പ്രത്യേക പ്രതിനിധിയെ നിയമിക്കാനാണ് സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം. എന്നാല്‍, ഇക്കാര്യം വിഘടനവാദികള്‍ നിരസിച്ചിട്ടുണ്ട്. പുതിയ സ്വതന്ത്ര വോട്ടെടുപ്പാണ് തങ്ങള്‍ക്ക് വേണ്ടതെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍, വലതുപക്ഷ കക്ഷികളെ പോലെ തന്നെ ഭരണകക്ഷിയായ സോഷ്യലിസ്റ്റുകളും കാറ്റലന്‍ സ്വാതന്ത്ര്യത്തിന് എതിരാണ്.

കാറ്റലോണിയ സ്‌പെയിന്‍ വിട്ടുപോകുന്നതിനെ എതിര്‍ക്കുന്ന സര്‍ക്കാരാണെങ്കിലും, വിഘടനവാദികള്‍ നടത്തുന്ന പ്രക്ഷോഭം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരുമായി ചര്‍ച്ചക്ക് പെട്രോ സര്‍ക്കാര്‍ മുന്‍കയ്യെടുത്തത്. മാത്രമല്ല അടുത്തയാഴ്ച പാര്‍ലമെന്റില്‍ ബജറ്റുമായി ബന്ധപ്പെട്ട് നിര്‍ണായക വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇതില്‍ കാറ്റലോണിയയിലെ പ്രമുഖ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്. ഇക്കാര്യം കൂടി മുന്നില്‍ കണ്ടാണ് പെട്രോ സര്‍ക്കാര്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

മധ്യ വലതുപക്ഷ കക്ഷിയായ പോപുലര്‍ പാര്‍ട്ടി (പി.പി), സിറ്റിസണ്‍സ് പാര്‍ട്ടി, വോക്സ് പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. രാജ്യത്തെ വഞ്ചിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നും ഇതിനാല്‍ 2020ലേക്ക് നിശ്ചയിച്ച തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. മാഡ്രിഡിലെ കോളന്‍ ചത്വരമടക്കം പ്രധാന തെരുവീഥികളെല്ലാം ഇന്നലെ സമരക്കാര്‍ കീഴടക്കിയിരുന്നു. 45,000ത്തോളം പേര്‍ റാലിയില്‍ പങ്കെടുത്തെന്നാണ് പൊലിസ് കണക്ക്.

Share this news

Leave a Reply

%d bloggers like this: