കാരായിമാര്‍ പത്രിക നല്‍കിയതിനു പിന്നാലെ കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യയും മത്സര രംഗത്ത്

 
തലശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ വധക്കേസിലെ വാദിയും മത്സരരംഗത്തേക്ക്. ഫസലിന്റെ ഭാര്യ സെയ്ദാര്‍പള്ളി അച്ചാരത്ത് റോഡിലെ മറിയം ഫസലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിയായി കൈവട്ടം വാര്‍ഡില്‍ മത്സരിക്കുന്നത്. ഈ കേസിലെ പ്രതികളായ കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേക്കു പാട്യം ഡിവിഷനില്‍ നിന്നു കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലേക്കു ചെള്ളക്കര വാര്‍ഡില്‍ നിന്നു ജനവിധി തേടുന്നതിനു പിന്നാലെയാണു ഫസല്‍ കേസ് സിബിഐ അന്വേഷണത്തിലേക്കെത്തിച്ച ഹര്‍ജിക്കാരിയായ മറിയം ഫസലും മത്സരരംഗത്തേക്ക് എത്തിയിട്ടുള്ളത്. ഇടതു സ്വതന്ത്ര ഐറിന്‍ സ്റ്റീഫനാണ് മറിയം ഫസലിനെ നേരിടുന്നത്.

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശനം നിഷേധിച്ചിരുന്ന കാരായിമാര്‍ കൊച്ചി സിബിഐ കോടതിയുടെ അനുമതിയോടെ ഞായറാഴ്ച രാത്രി തലശേരിയിലെത്തി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തിയ ഇരുനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണമാണു നല്‍കിയത്. പുഞ്ചയില്‍ നാണു ഇരുവരെയും ഹാരമണിയിച്ചു സ്വീകരിച്ചു. എ.എന്‍. ഷംസീര്‍, എം.സി.പവിത്രന്‍, കാത്താണ്ടി റസാഖ്, സി.പി. കുഞ്ഞിരാമന്‍, സി.ഒ.ടി നസീര്‍, എസ്.ടി ജെയ്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തകരുടെ സ്വീകരണത്തിനു വികാരപരമായി മറുപടി നല്‍കിയ ഇരുനേതാക്കളും സത്യം അധികകാലം മൂടിവയ്ക്കാന്‍ സാധിക്കില്ലെന്നും അതു മറനീക്കി പുറത്തുവരുമെന്നും ജനങ്ങളാണു തങ്ങളുടെ കരുത്തെന്നും പ്രവര്‍ത്തകരോടു പറഞ്ഞു. നഗരത്തില്‍ കാരായിമാരുടെ ഫോട്ടോകള്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയാണു നേതാക്കളെ അണികള്‍ വരവേറ്റത്.

കാരായി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ തലശേരി നഗരസഭയിലേക്കു മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാര്‍ഥികളെല്ലാം ഇന്ന് ഉച്ചയോടടുത്തു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പുതിയ ബസസ്റ്റാന്‍ഡില്‍നിന്നുംനഗരസഭാ ഓഫീസിലേക്കു പ്രകടനമായെത്തിയാണ് ഇടതു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്.

കാരായി രാജന്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍നിന്നു പുറപ്പെട്ടാണു ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ആര്‍എസ്എസ് നേതാവ് കിഴക്കെ കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കിഴക്കേ കതിരൂര്‍ കീര്‍ത്തനം വീട്ടില്‍ പ്രകാശന്‍, പുത്തലത്ത് പൊയില്‍ വീട്ടില്‍ എ.രാമചന്ദ്രനും പാട്യം പഞ്ചായത്തിലേക്കു മത്സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് അനുമതി തേടിക്കൊണ്ടു ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: