കായല്‍ കൈയേറ്റ വിവാദത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ചു

 

കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ കുരുക്ക് മുറുകിയ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഒടുവില്‍ രാജിവെച്ചു. ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ചാണ്ടിയുടെ രാജി യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ടിപി പീതാംബരനാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. കായല്‍ കൈയേറ്റത്തില്‍ നിലയില്ലാ കയത്തിലായതോടെ രാജിയെന്ന അനിവാര്യത തോമസ് ചാണ്ടി അംഗീകരിക്കുകയായിരുന്നു.

എന്‍സിപി ദേശീയ നേതൃത്വുമായി ടിപി പീതാംബരനും തോമസ് ചാണ്ടിയും നടത്തിയ ചര്‍ച്ചയിലാണ് രാജിക്കാര്യത്തില്‍ അന്തിമതീരുമാനമായത്. സാഹചര്യം വിലയിരുത്തിയ ദേശീയ നേതൃത്വം തോമസ് ചാണ്ടിയുടെ രാജിക്ക് അംഗീകാരം നല്‍കുകയായിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം സൃഷ്ടിച്ച രാജിയാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്. മുന്നണിപോലും പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന തോന്നല്‍ ശക്തമായ സാഹചര്യത്തിലാണ് രാജിയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് തോമസ് ചാണ്ടി എത്തിച്ചേര്‍ന്നത്. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ രാജിക്കാര്യത്തില്‍ തീരുമാനമായതിനെ തുടര്‍ന്ന് തോമസ് ചാണ്ടി ഔദ്യോഗിക വാഹനത്തില്‍ ആലപ്പുഴയിലേക്ക് തിരിച്ചു.

ഇതോടെ മന്ത്രിസഭയിലെ എന്‍സിപിക്ക് പ്രാതിനിധ്യം ഇല്ലാതായി. നേരത്തെ എകെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ രാജിവെച്ചിരുന്നു. വെറും ഒന്‍പത് മാസത്തിനിടെയാണ് എന്‍സിപിക്ക് രണ്ട് മന്ത്രിമാരെയും നഷ്ടമായിരിക്കുന്നത്. മാര്‍ച്ച് 26 നായിരുന്നു എകെ ശശീന്ദ്രന്‍ രാജിവെച്ചത്. തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അധികാരത്തിലേറി വെറും ആറര മാസത്തിനുള്ളിലാണ് തോമസ് ചാണ്ടിയുടെ രാജി ഉണ്ടായിരിക്കുന്നത്.

ഒന്നരവര്‍ഷത്തിനിടെ എല്‍ഡിഎഫ് മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിയാണ് രാജിവെച്ചിരിക്കുന്നത്. ആദ്യം ബന്ധുനിയമനക്കേസിനെ തുടര്‍ന്ന് വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജനും പിന്നീട് അശ്ലീല ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രനും രാജിവെച്ച് ഒഴിയേണ്ടി വന്നിരുന്നു.

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് രാജി കൂടുതല്‍ അനിവാര്യമാക്കിയത്. ഇന്ന് രാവിലെ എട്ടുമണിമുതല്‍ വളരെ നാടകീയത നിറഞ്ഞ സംഭവങ്ങള്‍ക്കായിരുന്നു തലസ്ഥാനം സാക്ഷ്യം വഹിച്ചത്. എട്ട് മണിക്ക് ക്ലിഫ് ഹൗസില്‍ തോമസ് ചാണ്ടുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. രാജി അനിവാര്യമാണെന്ന നിലപാട് മുഖ്യമന്ത്രി ഉയര്‍ത്തി. എന്നാല്‍ ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് പരിശോധിക്കാനുള്ള സാവകാശം തോമസ് ചാണ്ടി തേടി. ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് ടിപി പീതാംബരനും വ്യക്തമാക്കി.

രാജി അനിവാര്യമാണെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടിയുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രാജിയുടെ അനിവാര്യത തോമസ് ചാണ്ടിയെ ധരിപ്പിച്ചത്.

തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി ഇന്ന് രാവിലെ എല്‍ഡിഎഫില്‍ വലിയ പൊട്ടിത്തെറി തന്നെ ഉണ്ടായിരുന്നു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ആരോപണവിധേയനായ തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന നിലപാടായിരുന്നു സിപിഐയുടെ അഞ്ച് മന്ത്രിമാരും കൈക്കൊണ്ടത്.

രാജിവെക്കില്ലെന്ന തോമസ് ചാണ്ടിയുടെയും എന്‍സിപിയുടെയും നിലപാട് ഇടതുമുന്നണിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. രണ്ടാമത്തെ വലിയ ഘടകകക്ഷിയായ സിപിഐ തുടക്കം മുതല്‍ രാജി എന്ന ആവശ്യം ഉയര്‍ത്തി. 12 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലെ പൊതുവികാരവും അതായിരുന്നു. എന്നാല്‍ എന്‍സിപി വഴങ്ങാതെ വന്നതോടെ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. അതിനിടെ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത് തോമസ് ചാണ്ടിക്കും എന്‍സിപിക്കും നിര്‍ണായകമായി. അതുവരെ ചാണ്ടിയെ പൂര്‍ണമായും സംരക്ഷിച്ച് നിന്നിരുന്ന മുഖ്യമന്ത്രിക്ക് പോലും കൈവിടേണ്ടി വന്നു.

രാവിലെ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പരിശോധിക്കാനുള്ള സാവകാശം തനിക്ക് നല്‍കണമെന്നും അതിന് ശേഷം തീരുമാനം അറിയിക്കാമെന്നുമായിരുന്നു തോമസ് ചാണ്ടി പറഞ്ഞത്. ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും ഇതേ ആവശ്യം ഉന്നയിച്ചു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചു. അതേസമയം, രാജിയുടെ അനിവാര്യത മുഖ്യമന്ത്രി ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പ് തള്ളിയാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ യോഗത്തില്‍ പങ്കെടുപ്പിച്ചത്.

വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ മന്ത്രി തന്നെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയ സാഹചര്യത്തെ ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. കളക്ടര്‍ സര്‍ക്കാരിന്റെ ഭാഗമാണ്. മന്ത്രിയും സര്‍ക്കാരിന്റെ ഭാഗമാണ്. അങ്ങനെയിരിക്കെ ഒരു മന്ത്രിക്ക് എങ്ങനെ മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനാകുമെന്ന് കോടതി ആരാഞ്ഞു. മന്ത്രി രാജിവെച്ച് പോകുന്നതാണ് ഉചിതമെന്നും കോടതി അഭിപ്രായപ്പെട്ടു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: