കാമുകിയെ കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്സ് താരം പിസ്റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി

 

കാമുകിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ തടവ്ശിക്ഷ അനുഭവിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്സ് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി. കേസില്‍ ആറുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പിസ്റ്റോറിയസിന്റെ ശിക്ഷ കുറഞ്ഞുപോയെന്നും ശിക്ഷവര്‍ദ്ധിപ്പിക്കണമെന്നും കാട്ടി പ്രോസിക്യൂഷന്‍ സുപ്രിംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് ശിക്ഷ ഇരട്ടിയാക്കിയത്. കേസില്‍ ഒരുവര്‍ഷം മാത്രമാണ് പിസ്റ്റോറിയസ് ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയിരിക്കുന്നത്.പുതിയ വിധിയനുസരിച്ച് 13 വര്‍ഷമാണ് പിസ്റ്റോറിയസിന്റെ ശിക്ഷ. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇനിയും പിസ്റ്റോറിയസ് പന്ത്രണ്ട് വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവരും.

2013 ലാണ് കാമുകിയും ദക്ഷിണാഫ്രിക്കന്‍ മോഡലുമായിരുന്ന റീവ സ്റ്റീന്‍ കാമ്പിനെ വീട്ടില്‍ വച്ച് പിസ്റ്റോറിയസ് വെടിവച്ച് കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചു കടന്നയാളെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ വിശദീകരണം.

രണ്ട് കാലുകളുമില്ലാത്ത പിസ്റ്റോറിയസ് കൃത്രിമക്കാലുകളുമായാണ് ട്രാക്കില്‍ കുതിച്ചത്. 11 മാസം പ്രായമുള്ളപ്പോഴാണ് പിസ്റ്റോറിയസിന്റെ രണ്ട് കാലുകളും മുട്ടിന് മുകളില്‍ വച്ച് മുറിച്ചുമാറ്റപ്പെട്ടത്. പാരാലിമ്പിക്സില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുള്ള പിസ്റ്റോറിയസ് 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ സാധാരണ കായികതാരങ്ങള്‍ക്കൊപ്പമോടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ട് കാലുകളുമില്ലാതെ ഒളിമ്പിക്സ് ട്രാക്കില്‍ ഇറങ്ങിയ ആദ്യകായികതാരമായി ചരിത്രത്തില്‍ ഇടംപിടിച്ച് ലോകത്തിന്റെയാകെ അഭിന്ദനങ്ങള്‍ ഏറ്റുവാങ്ങി നില്‍ക്കെയാണ് പിറ്റേവര്‍ഷം കാമുകിയെ കൊലപ്പെടുത്തി പിസ്റ്റോറിയസിന് പ്രതിനായകന്റെ വേഷമണിയേണ്ടിവന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: