കാബൂളില്‍ ചാവേറാക്രമണം: ആക്രമണം നടന്നത് ഷിയാ വിവാഹ ചടങ്ങിനിടെ

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ നടന്ന ചാവേറാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം ഇതിനോടകം 63 പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാബൂളിലെ ഷഹര്‍-ഇ-ദുബായ് എന്ന ഹാളില്‍ നടന്ന വിവാഹ ചടങ്ങിനിടയിലേക്ക് കടന്നുവന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും നിരവധി പേരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷിയാ വിഭാഗക്കാരുടെ വിവാഹ ചടങ്ങിനിടെയാണ് ആക്രമണം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ വിവാഹസല്‍ക്കാരം നടന്ന ഹാളില്‍ നാനൂറിലേറെപ്പേരുണ്ടായിരുന്നു. ഒരു കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ഷിയ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമുള്ള ഷിയ ഹസാര ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച്താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സുന്നി തീവ്രവാദ സംഘങ്ങള്‍ പലപ്പോഴും അക്രമങ്ങള്‍ നടത്താറുണ്ട്.

Share this news

Leave a Reply

%d bloggers like this: