കാബൂളില്‍ വീണ്ടും ചാവേര്‍ സ്‌ഫോടനം…പത്ത് പേര്‍ കൊല്ലപ്പെട്ടെന്ന് നിഗമനം

കാബൂള്‍: അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ചാവേര്‍ സ്‌ഫോടനം. വെള്ളിയാഴ്ച പടിഞ്ഞാറന്‍ കാബൂളിലെ പൊലീസ് അക്കാഡമിയിലാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. പത്ത് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ കേഡറ്റുകളും ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. അതേസമയം, നിരവധി പേര്‍ക്ക് അപായം സംഭവിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം കേഡറ്റുകള്‍ അക്കാഡമിയിലേക്ക് കൂട്ടമായി പ്രവേശിക്കുന്നതിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പൊലീസ് വേഷത്തില്‍ എത്തിയ ചാവേര്‍ ഒരു കൂട്ടം ഓഫീസര്‍മാരുടെ അടുത്തേയ്ക്ക് എത്തിയശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

വര്‍ഷത്തില്‍ 2000 മുതല്‍ 3000 വരെ കെഡറ്റുകള്‍ പരിശീലനം നേടുന്ന അഫ്ഗാനിലെ പ്രധാനപ്പെട്ട പൊലീസ് അക്കാഡമിയാണിത്. അതിശക്തമായ സ്‌ഫോടനമായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

മദ്ധ്യ കാബൂളില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ പതിനഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 240ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആര്‍മി കോബൗണ്ടിനു സമീപമുള്ള റസിഡന്‍ഷ്യല്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. താലിബാന്‍ മേധാവി മുല്ലാ ഒമര്‍ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാന്‍ സ്ഥീരികരിച്ചതിനു ശേഷം രാജ്യത്തുണ്ടായ ആദ്യ സ്‌ഫോടനമായിരുന്നു വെള്ളിയാഴ്ചത്തേത്.

Share this news

Leave a Reply

%d bloggers like this: