കാപ്പി കുടിച്ചാല്‍ പ്രോസ്റ്റേറ്റ് അര്‍ബുദം തടയാം

ദിവസം മൂന്ന് കപ്പ് കാപ്പിയിലധികം കുടിക്കുന്നത് പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത അമ്പത് ശതമാനത്തിലധികം കുറയ്ക്കുമെന്ന് കണ്ടെത്തല്‍. ഇറ്റലിയിലെ ഏഴായിരത്തിലധികം പുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കാപ്പിയില്‍ അടങ്ങിയ കഫീനില്‍ അര്‍ബുദത്തെ തടയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് അര്‍ബുദം തടയാന്‍ ഉള്ള കഫീന്റെ പങ്കിനെ പറ്റി ഈ പഠനം വെളിച്ചം വീശുന്നു.

അടുത്തിടെ നിരവധി അന്താരാഷ്ട്ര പഠനങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ അപര്യാപ്തമായിരുന്നു. ചിലതാകട്ടെ വൈരുധ്യങ്ങള്‍ നിറഞ്ഞതും. ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുക എന്നതായിയുന്നു പഠന ലക്ഷ്യം എന്ന് ഗവേഷകനായ ജോര്‍ജ് പൗനിസ് പറയുന്നു. ശരാശരി നാലു വര്‍ഷക്കാലം ഏഴായിരം പുരുഷന്മാരെ പഠന വിധേയര്‍ ആക്കി. ഇവരുടെ കാപ്പികുടി ശീലവും പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യതയും വിശകലനം ചെയ്തു. ദിവസം മൂന്ന് കപ്പ് കാപ്പിയിലധികം കുടിച്ചവര്‍ക്ക് പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത 53% കുറവാണെന്ന് കുറവാണെന്ന് കണ്ടു.

പ്രോസ്റ്റേറ്റ് അര്‍ബുദ കോശങ്ങളില്‍ കാപ്പിസത്ത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ലബോറട്ടറി പഠനങ്ങളിലൂടെ പരീക്ഷിച്ച് ഉറപ്പ് വരുത്തി. കഫീന്‍ അടങ്ങിയതും അടങ്ങാത്തതുമായ കാപ്പി സത്തുകള്‍ പ്രത്യേകമായി പരിശോധിച്ചു. കഫീന്‍ അടങ്ങിയ കാപ്പി, പ്രോസ്റ്റേറ്റ് അര്‍ബുദ കോശങ്ങളുടെ വ്യാപനം തടയുന്നതായി കണ്ടു. കാപ്പി ഉണ്ടാക്കുന്ന ഇറ്റാലിയന്‍ രീതിയും അര്‍ബുദത്തിനെതിരെ സംരക്ഷണമേകാനുള്ള കഴിവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഈ പഠനം ഇറ്റാലിയന്‍ ജനതയിലാണ് നടത്തിയതെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

വളരെ കൂടിയ പ്രെഷറില്‍ ഉയര്‍ന്ന താപനിലയിലുള്ള വെള്ളം ഉപയോഗിച്ചു അരിക്കാതെയാണ് അവര്‍ കാപ്പി ഉണ്ടാക്കുന്നത്. ലോകത്ത് മറ്റ് രാജ്യങ്ങളിലെ രീതിയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ മാര്‍ഗമാണിത്. ഈ രീതിയില്‍ കാപ്പി ഉണ്ടാക്കുമ്പോള്‍ അതില്‍ ബയോ ആക്റ്റീവ് വസ്തുക്കള്‍ ധാരാളം ഉണ്ടാകുന്നുണ്ട്. ഇറ്റലിയിലെ ഐ ആര്‍ സി സി എസ് ന്യൂറോമെഡ് എന്ന മെഡിറ്ററേനിയന്‍ ന്യൂറോളജിക്കല്‍ സൊസൈറ്റി ഗവേഷകരാണ് ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍ സറില്‍ പ്രസിദ്ധീകരിച്ച ഈ പഠനം നടത്തിയത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: