കാപട്യത്തെ ഉദാഹരിക്കാനുള്ളതല്ല മതവും,വിശ്വാസവും ; മന്ത്രി ലിയോ വരേദ്കറിന് ഡബ്ലിന്‍ ആര്‍ച്ബിഷപ്പിന്റെ അന്ത്യശാസനം

ഡബ്ലിന്‍ : മതത്തെയും, വിശ്വാസത്തെയും കപടതയുടെ ഉദാഹരണമായി എടുക്കരുതെന്ന് മന്ത്രി ലിയോ വരേദ്കറിനോട് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ്. വിവാദങ്ങള്‍ക്കൊടുവില്‍ ആര്‍ച് ബിഷപ്പിനെ കാണാനെത്തിയതായിരുന്നു വരേദ്കര്‍. അടുത്തതവണ ഉദാഹരണങ്ങള്‍ പറയുമ്പോള്‍ സ്വന്തം പ്രൊഫഷനെ മുന്‍നിര്‍ത്തി കൊണ്ട് പറയണമെന്നും ബിഷപ് വരദ്കറിനോട് പറഞ്ഞു. പുകവലിയും, മദ്യപാനവും ശീലമാക്കിയ ഡോക്ടര്‍ രോഗിയോടു ആരോഗ്യപ്രദമായ ജീവിതം നയിക്കണം എന്ന ഉദാഹരണം അടുത്ത തവണയുണ്ടാകുന്ന വാക്‌പോരാട്ടത്തില്‍ പരാമര്‍ശിക്കാനും വരേദ്കറിനെ ഹാസ്യ രൂപേണ ഉപദേശിക്കാനും ബിഷപ്പ് മറന്നില്ല.

വിശ്വാസങ്ങളെ കാപട്യവുമായി ബന്ധപെടുത്തിപ്പറയുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ആര്‍ച്ച് ബിഷപ് വരേദ്കറിനെ ഓര്‍മിപ്പിച്ചു. ദെയിലില്‍ വരേദ്കറിന്റെ പരാമര്‍ശത്തെ നിര്‍ഭാഗ്യകരവും, ഹൃദയഭേദകവുമായിപ്പോയെന്ന് വാട്ടര്‍ഫോര്‍ഡ് ബിഷപ്പും പ്രതികരിച്ചിരുന്നു. കാതോലിക്ക സഭയെ അധിക്ഷേപിച്ച പരാമര്‍ശത്തിന് ദെയിലില്‍ കക്ഷിഭേദമെന്യേ വരേദ്കറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി സഭയില്‍ മാപ്പു പറയുകയും ചെയ്തിരുന്നു.

ഡബ്ലിന്‍ ആര്‍ച് ബിഷപ്പുമായി നടത്തിയ സംഭാഷണത്തില്‍ താന്‍ സഭയ്‌ക്കെതിരല്ലെന്നും, തന്റെ സഹോദരി കത്തോലിക്കാ ചര്‍ച്ചില്‍ വെച്ചാണ് വിവാഹിതയായത് എന്നും, തന്റെ മുത്തശ്ശിയെ അടക്കിയത് കത്തോലിക്കാ സിമെട്രിയില്‍ ആണെന്നും, വ്യക്തിപരമായി ഈ സഭയോട് യാതൊരുവിധ വിദ്വേഷവും ഇല്ലെന്നും വരേദ്കര്‍ ബിഷപ്പിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് തനിക്കെതിരെ ആരോപണം ഉയര്‍ത്തിയപ്പോള്‍ പെട്ടെന്ന് അത്തരത്തില്‍ പ്രതികരിച്ചുപോയതാണെന്നും; തന്റെ വാക്കുകള്‍ താന്‍ തിരിച്ചെടുത്തെന്നും മന്ത്രി പറഞ്ഞു.

ദെയിലില്‍ വെച്ച് മൈക്കിള്‍ മാര്‍ട്ടിന്‍ വരേദ്കര്‍ ചില പദ്ധതികള്‍ക്ക് വഴിവിട്ടു ചെലവിട്ടകാര്യം ചോദ്യം ചെയ്തപ്പോള്‍ അള്‍ത്താരയിക്ക് പിന്നില്‍ നിന്നും പാപം ചെയുന്ന വൈദികന്‍ മറ്റുള്ളവരോട് പാപം ചെയ്യരുതെന്ന് പറയുന്നപോലെയാണ് മാര്‍ട്ടിന്റെ ചോദ്യമെന്ന് വരേദ്കര്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് വിവാദം സൃഷ്ടിച്ചത്.

Share this news

Leave a Reply

%d bloggers like this: