കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ്ജ് എംഎല്‍എക്കെതിരെ കുറ്റപത്രം; പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ്പ് ബാരിയര്‍ തകര്‍ത്ത സംഭവവും വിവാദത്തില്‍

തിരുവനന്തപുരം: കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പി.സി.ജോര്‍ജ്ജ് എംഎല്‍എക്കെതിരെ പൊലീസ് കുറ്റപത്രം നല്‍കി. എംഎല്‍എയെ പ്രതിയാക്കി മ്യൂസിയം പൊലീസാണ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സംഭവം.

ഭക്ഷണം നല്‍കാന്‍ വൈകിയതിന് പി.സി.ജോര്‍ജ്ജും സഹായി തോമസ് ജോര്‍ജ്ജും ചേര്‍ന്ന് കുടുംബശ്രീ കഫേയിലെ ജീവനക്കാരനായിരുന്ന മനുവിനെ മര്‍ദിച്ചുവെന്നാണ് കേസ്. കാന്റീനില്‍ നിന്ന് മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നു. ചോറെത്തിക്കാന്‍ 20 മിനിട്ട് താമസമുണ്ടായി. ചോറും കൊണ്ട് മുറിയില്‍ ചെല്ലുമ്പോള്‍ പി.സി.ജോര്‍ജ്ജ് കാന്റീനില്‍ വിളിച്ച് ചീത്ത പറയുകയായിരുന്നു. തന്നെയും ചീത്ത വിളിച്ചെന്നും മുഖത്ത് അടിച്ചെന്നുമാണ് മനു പറഞ്ഞത്. എന്നാല്‍ ഭക്ഷണമെത്തിക്കാന്‍ 40 മിനിട്ട് വൈകിയെന്നും ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും പി.സി.ജോര്‍ജ്ജ് അന്ന് പറഞ്ഞിരുന്നു.

അതേസമയം തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ കാര്‍ സ്റ്റോപ്പ് ബാരിയര്‍ തകര്‍ത്ത സംഭവവും വിവാദത്തിലായി. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ടോള്‍ പ്ലാസ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു എംഎല്‍എ. ഇതരസംസ്ഥാന തൊഴിലാളികളായ ആളുകളായിരുന്നു ടോള്‍ ബൂത്തിലുണ്ടായിരുന്നത്. ആളെ തിരിച്ചറിയാതിരുന്ന ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ കൗണ്ടറില്‍ വണ്ടിയെത്തിയപ്പോള്‍ ടോള്‍ ചോദിച്ചു. തുടര്‍ന്ന് എംഎല്‍എ കാറില്‍ നിന്ന് പുറത്തിറങ്ങി ടോള്‍ പ്ലാസയിലെ ബാരിയര്‍ വലിച്ചൊടിച്ച ശേഷം യാത്ര തുടരുകയായിരുന്നു എന്നാണ് പരാതി.

എംഎല്‍എമാര്‍ക്ക് ടോള്‍ ബൂത്തുകളില്‍ സൗജന്യയാത്ര അനുവദിച്ചിട്ടുള്ളതാണെന്ന് പി.സി.ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. എംഎല്‍എ എന്നെഴുതിയ സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തിവിടാന്‍ ജീവനക്കാര്‍ തയാറായില്ല. പിന്നില്‍ വാഹനങ്ങള്‍ കൂടിയതോടെയാണ് താന്‍ പുറത്തിറങ്ങിയതെന്നും എംഎല്‍എ പ്രതികരിച്ചു. ടോള്‍ ഇടപാടെ നിര്‍ത്തേണ്ട സമയം കഴിഞ്ഞെന്നും പി.സി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ നിയമസഭയിലും ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. രോഗികളുമായി വരുന്ന വാഹനങ്ങള്‍, ആംബുലന്‍സ് പോലും പിടിച്ചു നിര്‍ത്തി പിരിവു നടത്തുന്ന കശ്മലന്മാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നാണ് ജോര്‍ജ്ജ് നിയമസഭയില്‍ ആവശ്യപ്പെട്ടത്.

പാലിയേക്കരയിലെ ടോള്‍ പിരിവിന്റെ വിശദാംശങ്ങളും അദ്ദേഹം തേടിയിരുന്നു. നിര്‍മ്മാണ ചെലവിനേക്കാള്‍ ഇരട്ടിയിലേറെയാണ് പണം ഇപ്പോള്‍ തന്നെ പാലിയേക്കരയിലെ ടോള്‍ കമ്പനി പിരിച്ചു കഴിഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് നിര്‍മ്മാണ ചെലവ് 318 കോടി മാത്രമാണെന്നിരിക്കേ നാല് വര്‍ഷം കൊണ്ട് 600ലേറെ കോടി രൂപ പിരിച്ചെടുത്തു കഴിഞ്ഞെന്നാണ് കണക്ക്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: