കാനഡ-സൗദി ബന്ധം വഷളാകുന്നു; കനേഡിയന്‍ അംബാസഡറെ സൗദി പുറത്താക്കി; വ്യാപാരവും നിര്‍ത്തുന്നു; കാനഡയിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും റദ്ദാക്കി

കാനഡയുമായുള്ള എല്ലാ പുതിയ വ്യാപാര ബന്ധവും ഉപേക്ഷിക്കുന്നതായി സൗദി അറേബ്യ. കനേഡിയന്‍ അംബാസഡറെ പുറത്താക്കിയ സൗദി തങ്ങളുടെ പ്രതിനിധിയെ കാനഡയില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടുമുണ്ട്. സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കാനഡ നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രൂക്ഷമായ നടപടികളിലേക്ക് കടന്നത്. റിയാദില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് റദ്ദാക്കി.

സൗദി അറേബ്യ ജയിലിലടച്ച ആക്റ്റിവിസ്റ്റുകളെ മോചിപ്പിക്കണമെന്ന് കാനഡ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രിന്‍സ് മുഹമ്മദിനെ ചൊടിപ്പിച്ചത്. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടുപോകണമെന്നാണ് ഇന്നലെ സൗദി അധികൃതര്‍ കനേഡിയന്‍ അംബാസഡര്‍ക്ക് നല്‍കിയ നിര്‍ദേശം. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ പ്രതികരണം രൂക്ഷമാകുമെന്നാണ് കാനഡയ്ക്കെതിരെയുള്ള നടപടിയിലൂടെ സൗദി അറേബ്യ വ്യക്തമാക്കിയിരിക്കുന്നത്.

സൗദി കിരീടാവകാശിയുടെ വിദേശനയം അല്‍പ്പം തീവ്രമാണെന്നതിന്റെ പ്രതിഫലനമാണിതെന്ന് വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിലെ പ്രകടമായ ഇടപെടലാണ് കാനഡയുടെ സമീപനം. ഇത് അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല-സൗദി വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. ഇതില്‍ പ്രതിഷേധമെന്ന നിലയ്ക്ക് കാനഡയിലെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയാണ്. സൗദിയിലെ കനേഡിയന്‍ അംബാസഡറോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്-സൗദി സര്‍ക്കാര്‍ വ്യക്തമാക്കി.

കാനഡയുമായുള്ള എല്ലാ പുതിയ വ്യാപാരബന്ധങ്ങളും വേണ്ടെന്ന് വയ്ക്കുന്നതായും സൗദി അറേബ്യ പറഞ്ഞു. വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്ന വനിതകളുള്‍പ്പടെയുള്ള ആക്റ്റിവിസ്റ്റുകളെ കഴിഞ്ഞയാഴ്ച്ചയാണ് സൗദി അറസ്റ്റ് ചെയ്തത്. ലിംഗനീതിക്ക് വേണ്ടി പോരാടുന്ന പ്രശസ്ത ആക്റ്റിവിസ്റ്റായ സമര്‍ ബദാവിയും ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. ഇതിനെതിരെ കാനഡ പ്രതികരിച്ചതാണ് സൗദിയെ ചൊടിപ്പിച്ചത്.

സമാധാനപരമായി പ്രവര്‍ത്തിക്കുന്ന എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഉടന്‍ വിട്ടയക്കാന്‍ ഞങ്ങള്‍ സൗദി അധികൃതരോട് ആവശ്യപ്പെടുന്നു-ഇങ്ങനെയായിരുന്നു കാനഡയുടെ വിദേശമന്ത്രാലയം ട്വീറ്റ് ചെയ്തത്.

വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സമറിനെയും നസീമ അല്‍ സദയെയും കൂടിയാണ് കഴിഞ്ഞയാഴ്ച്ച സൗദി അറസ്റ്റ് ചെയ്തത്. കാനഡ ഇതിനെതിരെ ട്വിറ്ററില്‍ വിമര്‍ശനം നടത്തിയത് സൗദി അതീവഗൗരവത്തിലെടുക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് വ്യാപാരമുള്‍പ്പടെയുള്ള മേഖലകളില്‍ ഇനി സഹകരണം വേണ്ടെന്ന തീരുമാനത്തിലേക്കെത്തിയത്. ഉടന്‍ തന്നെ വിട്ടയക്കണമെന്നുള്ള കാനഡയുടെ ട്വീറ്റിലെ നിര്‍ദേശമാണ് സൗദിയെ ചൊടിപ്പിച്ചത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് ഈ ഭാഷയെന്ന് സൗദി തിരിച്ചടിച്ചു.

കിരീടാവകാശിയായി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റത് മുതല്‍ സൗദിയില്‍ കാര്യമായ പരിഷ്‌കരണങ്ങളാണ് നടപ്പിലാക്കുന്നത്. വനിതകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കിയതും സിനിമാ തിയറ്ററുകള്‍ക്കുള്ള നിരോധനം എടുത്തു കളഞ്ഞതും വിനോദ വ്യവസായത്തിന് പ്രാധാന്യം നല്‍കിയതുമെല്ലാം വിപ്ലവാത്മക തീരുമാനങ്ങളാണ് വിലയിരുത്തപ്പെട്ടത്. അതേസമയം വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ആക്റ്റിവിസ്റ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ ഇപ്പോഴും നടപടികള്‍ കൈക്കൊള്ളുന്നുവെന്നതിന് രൂക്ഷമായ വിമര്‍ശനങ്ങള്‍ സൗദി ഏറ്റുവാങ്ങുന്നുമുണ്ട്.

ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതും യെമനിലെ ഇടപെടലുമെല്ലാം സൗദി കിരീടാവകാശിയുടെ വിദേശനയം കുറച്ച് കടുപ്പമേറിയതാണെന്ന വിമര്‍ശനങ്ങളാണ് ക്ഷണിച്ച് വരുത്തിയത്. എന്നാല്‍ സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങളുടെ ഇടപെടല്‍ വേണ്ടെന്ന ഉറച്ച സന്ദേശമാണ് പ്രിന്‍സ് മുഹമ്മദ് നല്‍കുന്നത്. ഏപ്രില്‍ മാസത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സൗദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അവസ്ഥയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു. നിരവധി സൗദി വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി കാനഡയിലുണ്ടെന്നതും ശ്രദ്ധേയമാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: