കാനഡയിലെ ടൊറന്റോയില്‍ വഴിയാത്രികര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റി; ഒന്‍പത് മരണം; ഭീകരാക്രമണമെന്ന് സംശയം

ടൊറന്റോ: കാനഡയെ നടുക്കിക്കൊണ്ട് ടൊറന്റോയില്‍ തിരക്കേറിയ നഗരത്തില്‍ അജ്ഞാതന്‍ ജനക്കൂട്ടത്തിനിടയിലേക്കു വാന്‍ ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. ‘എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ’ എന്ന് ആക്രോശിച്ച് ആയുധമോ മറ്റോ ഉപയോഗിച്ച് ഇയാള്‍ പൊലീസിന് നേരെ അടുത്തെങ്കിലും ഓഫിസര്‍മാരിലൊരാള്‍ തോക്കുമായി മുന്നോട്ടാഞ്ഞതോടെ ഇയാള്‍ കീഴടങ്ങുകയായിരുന്നെന്നാണ് വിവരം. ഭീകരാക്രമണത്തിനുള്ള സാധ്യത തള്ളുന്നില്ലെന്നു പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഫിഞ്ച് ആന്‍ഡ് യങ്ങ് സ്ടീറ്റിനു സമീപം പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റൈഡര്‍ ട്രക്ക് ആന്‍ഡ് റെന്‍ഡല്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന വാന്‍ സംഭവസ്ഥലത്തുതന്നെയുണ്ട്. വഴിയാത്രികര്‍ക്കിടയിലേക്ക് ഇയാള്‍ മനപ്പൂര്‍വം വാന്‍ ഓടിച്ചുകയറ്റുകയായിരുന്നെന്നും ഭീകരാക്രമണമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നെന്നുമാണ് ദൃക്‌സാക്ഷികളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ഇതേസമയം, ഭീകരാക്രമണമാണോ ഇതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതുവരെ ഇതുസംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഒന്റാരിയോ പ്രീമിയര്‍ കാത് ലിന്‍ വിന്‍ മറുപടി നല്‍കിയത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ വ്യവസായവത്കൃത രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സമ്മേളിച്ചു കൊണ്ടിരിക്കെയാണ് നഗരത്തില്‍ ആക്രമണം നടന്നത്.

ആളുകള്‍ ഉണ്ടായിരുന്ന സ്ഥലത്തേക്ക് വേഗത്തിലാണ് വാന്‍ ഓടിച്ചുകയറ്റിയതെന്നു പറയപ്പെടുന്നു. വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നനിലയിലാണ്. ആളുകളുടെ ഷൂസുകളും ബാഗുകളും മറ്റും സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്നതായി കാണാം. ഒരു സ്‌ട്രോളറും സംഭവസ്ഥലത്തിനു സമീപം മറിഞ്ഞുകിടക്കുന്നതായി കണ്ടെത്തി. കുട്ടികള്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടോയെന്നു പക്ഷേ വ്യക്തമല്ല. ദുരന്തത്തില്‍ മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പൊലീസ് പിടികൂടിയ ഡ്രൈവറുടെയോ വിവരങ്ങള്‍ പ്രാദേശികസമയം വൈകിട്ട് അഞ്ചു വരെ പുറത്തുവന്നിട്ടില്ല. വാന്‍ വാടകയ്ക്ക് എടുത്തുതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതോടെ പിടിയിലായ ഡ്രൈവറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാനാവുമെന്നാണ് പ്രതീക്ഷ. ആസൂത്രിതമായി നടത്തിയതാണോ, മറ്റാരെങ്കിലും ഇതിനു പിന്നിലുണ്ടോ തുടങ്ങിയവ സംബന്ധിച്ച സൂചനകളും ഇതില്‍നിന്നു ലഭ്യമാകുമെന്നുവേണം കരുതാന്‍.

അപകടം വിതച്ച വാന്‍ പോലീസ് തടഞ്ഞു നിറുത്തുകയായിരുന്നുവെന്ന് ടൊരന്റെ പോലീസ് അറിയിച്ചു. ഒരു വെള്ള ട്രക്ക് സൈഡ് വാക്കിലേക്ക് ഇടിച്ചു കയറ്റിയ ശേഷം മുന്നില്‍ കണ്ട എന്തും തട്ടി നിരത്തി മുന്നോട്ടു നീങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. വാഹനം നിറുത്താന്‍ പലരും വിളിച്ചു പറഞ്ഞിരുന്നുവെങ്കിലും, അതൊന്നും കാര്യമാക്കാതെ ഡ്രൈവര്‍ ട്രക്ക് മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഴിയാത്രികരെ ഇടിച്ചുവീഴ്ത്തി വാന്‍ പോകുന്നതു കണ്ടവരില്‍ ചിലര്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതമോ മറ്റോ ഉണ്ടായതാകാമെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍, പിന്നീട് കയ്യില്‍ ആയുധമെന്നു കരുതുന്ന വസ്തുവുമായി ഇയാള്‍ പൊലീസിന് നേരെ അടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അതല്ലെന്നു തെളിഞ്ഞു. മനപ്പൂര്‍വമായി വഴിയാത്രികര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റിയതും പൊലീസിനു നേരെ ഇയാള്‍ കൈചൂണ്ടിയതും മറ്റുമാണ് ഭീകരാക്രമണമാകാമെന്ന് പരിഭ്രാന്തി തുടക്കത്തിലെ പരത്തിയത്. ടൊറന്റോ പൊലീസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍, ആര്‍സിഎംപി ഉള്‍പ്പെടെ എല്ലാതലത്തിലുമുള്ള സംവിധാനങ്ങളും അന്വേഷണത്തില്‍ സജീവമാണെന്ന് ഒന്റാരിയോ പ്രീമിയര്‍ കാത്‌ലിന്‍ വിന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. അമേരിക്കയിലും യൂറോപ്പിലുമൊക്കെ വാഹനം ഓടിച്ചു കയറ്റിയുള്ള ഭീകരാക്രമണം അടുത്തകാലത്ത് വര്‍ധിച്ചു വരികയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: