കാതിന് വിരുന്നേകിയ ആ നാദം ഇനിയില്ല; പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

പ്രാര്‍ത്ഥനകള്‍ വിഫലമായി. പൊന്നോമനയുടെ അടുത്തേയ്ക്ക് ബാലഭാസ്‌കര്‍ പോയി. ഹൃദയം നുറുക്കുന്ന വേദനയാല്‍ ലക്ഷ്മി തനിച്ചായി. സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്‌ക്കര്‍ (40)അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌ക്കര്‍ ഹൃദയാഘാതം മൂലമാണ് ഇന്ന് പുലര്‍ച്ചെ മരണം. അപകടത്തില്‍ മകള്‍ രണ്ടുവയസ്സുകാരിയാ തേജസ്വിനി ബാല നേരത്തെ മരണപ്പെട്ടിരുന്നു. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുന്‍ (29) എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.

കഴിഞ്ഞ മാസം 25ാം തിയതിയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപമാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ മരത്തിലിടിച്ചത്. ബാലഭാസ്‌കര്‍ മകള്‍ക്കും ഭാര്യക്കുമൊപ്പം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്നു ബാലഭാസ്‌കറും കുടുംബവും. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് തേജസ്വിനി പിറന്നത്. മകളുടെ വിയോഗം ബാല ഭാസ്‌കര്‍ അറിഞ്ഞിരുന്നില്ല.

ബാലഭാസ്‌കറിന്റെ മരണത്തില്‍ കണ്ണീരൊഴുക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. പുഞ്ചിരിക്കുന്ന മുഖവുമായി കാല്‍നൂറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയസംഗീതവേദികളില്‍ വെളിച്ചം പകര്‍ന്നുനിന്ന ബാലഭാസ്‌കറിന്റെ മരണവാര്‍ത്ത അപ്രതീക്ഷിതമായിരുന്നു. രണ്ടുദിവസമായി ആശുപത്രിയില്‍ നിന്നും ശുഭസൂചനകള്‍ പുറത്തുവന്നിരുന്നത് പ്രതീക്ഷ നല്‍കിയിരുന്നു. വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ആ സംഗീതത്തിന്റെ ആരാധകരും സുഹൃത്തുക്കളും ഒരു മടങ്ങി വരവ് ആഗ്രഹിച്ചിരിക്കെയാണ് ഈ അപ്രതീക്ഷിത വിടവാങ്ങല്‍.

12-ാം വയസിലാണ് ബാലഭാസ്‌കര്‍ സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങിയത്. 17-ാം വയസില്‍ മംഗല്യപല്ലക് എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ സിനികളിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍, മേളവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഉസ്താദ് സക്കീര്‍ ഹുസൈന്‍, ശിവമണി, വിക്കു വിനായക് റാം, ഹരിഹരന്‍, പാശ്ചാത്യ സംഗീതഞ്ജന്‍ ലൂയി ബാങ്ക്, ഫസല്‍ ഖുറൈഷി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ജുഗല്‍ബന്ദിയിലൂടെ ഏറെ ശ്രദ്ധേയനായി.

1978 ജൂലൈ പത്തിന് കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്താണ് ജനനം. ഗായകന്‍, സംഗീതസംവിധായകന്‍, വയലിനിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ബാലഭാസ്‌കര്‍ ഫ്യൂഷന്‍, കര്‍ണാടക സംഗീത മേഖലയലില്‍ പ്രാഗത്ഭ്യം തെളിയിച്ചു. മൂന്നാം വയസില്‍ അമ്മാവന്‍ ബി ശശികുമാറില്‍നിന്ന് കര്‍ണാകട സംഗീതത്തില്‍ ബാലപാഠം അഭ്യസിച്ചുതുടങ്ങി. നിനക്കായ്, ആദ്യമായ് തുടങ്ങിയവയടക്കം നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കി.

സംഗീത ജീവിതത്തിലെ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ കെ.ജെ യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ് ചിത്ര തുടങ്ങി പ്രമുഖ ഗായകര്‍ ബാലഭാസ്‌കറിന്റെ ഈണത്തിന് ശബ്ദം പകര്‍ന്നു. കോളജ് പഠന കാലത്ത് തന്നെ കണ്‍ഫ്യൂഷന്‍ എന്ന പ്രൊഫഷണല്‍ ബാന്‍ഡ് രൂപീകരിച്ചു. പിന്നീട് ബിഗ് ഇന്ത്യന്‍ ബാന്‍ഡ്, ബാലലീല എന്നീ ബാന്‍ഡുകളും സ്ഥാപിച്ചു. അയര്‍ലണ്ട് ഉള്‍പ്പെടെ ഒട്ടനവധി രാജ്യങ്ങളില്‍ നടത്തിയ സംഗീത പര്യേടനങ്ങളില്‍ പ്രവാസി മലയാളികള്‍ക്കും വയലിനിലൂടെ സദസ്സുമായി സംവാദിക്കുന്ന ബാലഭാസ്‌കറിന്റെ മാന്ത്രിക സംഗീതം ആസ്വദിക്കാന്‍ കഴിഞ്ഞു.

കൈ വെക്കുന്ന മേഖലകളില്‍ പൂര്‍ണത കൈവരിക്കണമെന്നത് ബാലഭാസ്‌കറിന് എന്നും നിര്‍ബന്ധമുണ്ടായിരുന്നു. സംസ്‌കൃതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തത് ഈ ശാഠ്യത്തിനു പുറത്താണ്. കര്‍ണാട സംഗീതത്തിലെ വരികള്‍ ഹൃദിസ്ഥമാക്കി പാടണം എന്നതായിരുന്നു ലക്ഷ്യം. കേരളത്തിന് ആദ്യമായി ഇലക്ട്രിക് വയലിന്‍, ഇന്തോ- വെസ്റ്റേണ്‍ സംഗീതം പരിചയപ്പെടുത്തിയതും ബാലഭാസ്‌കര്‍ തന്നെയാണ്.

വയലിന്‍ കൊണ്ട് ജാലവിദ്യ തീര്‍ത്ത അതുല്യപ്രതിഭയെയാണ് ബാലഭാസ്‌കറിന്റെ വിയോഗത്തോടെ സംഗീതലോകത്തിന് നഷ്ടമായിരിക്കുന്നത്. മെലഡിയും ഫാസ്റ്റ് നമ്പറും ഒരുപോലെ വഴങ്ങിയ ഈ പ്രതിഭ ഇനി ആസ്വാദകരെ വിസ്മയിപ്പിക്കാനില്ല. സംഗീതലോകത്ത് ഇനിയുമേറെ വിസ്മയങ്ങള്‍ സൃഷ്ടിക്കേണ്ട അതുല്യപ്രതിഭ അകാലത്തില്‍ വിടവാങ്ങുമ്പോള്‍ സംഗീതപ്രേമികള്‍ മാത്രമല്ല, മലയാളികള്‍ ഒന്നാകെ തേങ്ങുകയാണ്.

https://www.youtube.com/watch?v=TilOYEuLJOw

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: