കാട്ടുതീയില്‍ എരിഞ്ഞ് കാലിഫോര്‍ണിയ; മരണസംഖ്യ 44; 200 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: യു.എസിലെ കാലിഫോര്‍ണിയയില്‍ ഒരാഴ്ചയായി പടരുന്ന മൂന്ന് കാട്ടുതീയില്‍ മരണസംഖ്യ 44 ആയി. 42 പേരുടെ മരണം സ്ഥിരീകരിച്ചു. വടക്കന്‍ കാലിഫോര്‍ണിയയിലെ കാംപ് ഫയറില്‍ 42 പേരും മാലിബുവിലുണ്ടായ വൂള്‍സെ കാട്ടുതീയില്‍ രണ്ടുപേരുമാണ് മരിച്ചതെന്ന് ബുട്ടേ കൗണ്ടി ന്യായാധിപന്‍ കോറി എല്‍. ഹോനെ പറഞ്ഞു.

നവംബര്‍ എട്ടിന് രാവിലെയാണ് പാരഡൈസ് പട്ടണത്തില്‍ തീപ്പിടിത്തമുണ്ടായത്. ഇവിടെനിന്ന് 200 പേരെ കാണാതായി. 1,17,000 ഏക്കറോളം സ്ഥലവും 6,453 വീടുകളും കത്തിനശിച്ചു. 30 ശതമാനം തീയണയ്ക്കാനേ സാധിച്ചിട്ടുള്ളൂ. ഷിക്കോ നഗരത്തില്‍ 7,100 കെട്ടിടങ്ങള്‍ കത്തിനശിച്ചു. ഇവയില്‍ വീടുകളും ഉള്‍പ്പെടും.

പാരഡൈസ് പട്ടണത്തില്‍ 6,700 വീടുകള്‍ ചാമ്പലായി. അകെ രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. കലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. തീ ഇനിയും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. വരള്‍ച്ചയും ചൂടും മൂലം ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് കാട്ടു തീ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്നു ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അറിയിച്ചു.

ലോസ് ആഞ്ജലിസിലുണ്ടായ വൂള്‍സെ കാട്ടുതീയില്‍ 435 കെട്ടിടങ്ങളെ അഗ്‌നിവിഴുങ്ങി. 57,000 കെട്ടിടങ്ങള്‍ കാട്ടുതീ ഭീഷണിയിലാണ്. മാലിബുവിലും തൗസന്‍ഡ്‌സ് ഓക്ക്‌സിലും 30 ശതമാനം തീയണയ്ക്കാന്‍ സാധിച്ചു. ഇവിടെ 90,000 ഏക്കര്‍ സ്ഥലം ചാരമായി.

മൂന്നാമത്തെ കാട്ടുതീയില്‍ വെന്‍ച്വുറ കൗണ്ടിയിലെ 4,500 ഏക്കര്‍ സ്ഥലം നശിച്ചു. ഇവിടെ 85 ശതമാനത്തോളം തീയണയ്ക്കാന്‍ കഴിഞ്ഞതായി കാള്‍ ഫയര്‍ അറിയിച്ചു. കാലിഫോര്‍ണിയയിലെ കാട്ടുതീ ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തൗസന്‍ഡ് ഓക്സ്, പാരഡൈസ് പട്ടണങ്ങളിലാണ് ഏറെ നാശംവിതച്ചത്. 35000 ഏക്കറോളം വിസ്തൃതിയിലാണ് തീ പടര്‍ന്നുപിടിച്ചത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീയണയ്ക്കാന്‍ തടസ്സം നേരിടുകയാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: