കഷണ്ടി മാറാന്‍ ഫ്രഞ്ച് ഫ്രൈസ് കഴിച്ചാല്‍ മതിയോ ? മറുപടിയുമായി ഗവേഷകര്‍

 

ടോക്ക്യോ: ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് കഷണ്ടിക്ക് പരിഹാരമാവുമെന്ന തരത്തില്‍ പ്രചരിക്കുന്ന പഠന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ജപ്പാന്‍ ഗവേഷകര്‍. ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നതും രോമവളര്‍ച്ചയും തമ്മില്‍ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബയോമെട്രിക് ജേണലില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് സര്‍വകലാശാല അധികൃതര്‍ കുഴപ്പത്തിലായിരിക്കുന്നത്. കഷണ്ടി മാറാന്‍ എത്ര ഫ്രഞ്ച് ഫ്രൈസ് കഴിക്കണം എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മടുത്തിരിക്കുകയാണ് ഇപ്പോള്‍ പഠനസംഘം.

ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഡൈമീതൈല്‍പോളിസിലോക്സേന്‍ എന്ന ലൂബ്രിക്കന്റ് എലികളുടെ പുറത്ത് പരീക്ഷിച്ചപ്പോള്‍ അവയ്ക്ക് കൂടുതല്‍ രോമവളര്‍ച്ച ഉണ്ടായതായി കണ്ടെത്തിയെന്ന് വിശദീകരിച്ചായിരുന്നു യൊക്കോഹമ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രബന്ധം പ്രസിദ്ധീകരിച്ചത്. പഠനറിപ്പോര്‍ട്ട് വ്യപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. കഷണ്ടി മാറാന്‍ എത്ര ഫ്രഞ്ച് ഫ്രൈസ് കഴിക്കണം എന്ന് ചോദിച്ച് നിരവധി ഫോണ്‍കോളുകളും കത്തുകളും സര്‍വകലാശാല അധികൃതര്‍ക്ക് ലഭിച്ച പശ്ചാത്തലത്തിലാണ് പഠനറിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്തെത്തിയത്.

ഫ്രഞ്ച് ഫ്രൈസില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മുടിനഷ്ടം കുറയ്ക്കാന്‍ നിങ്ങളെ ഒരു തരത്തിലും സഹായിക്കില്ലെന്നും ഇത്തരം പഠനങ്ങളെ കണ്ണടച്ച് വിശ്വസിക്കരുതെന്നും യൊക്കോഹമ സര്‍വകലാശാലയിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എത്ര ഫ്രഞ്ച് ഫ്രൈസ് കഴിച്ചാലും മുടി വളരില്ല. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പോലും വളരെ ചെറിയ അളവിലുള്ള മാറ്റമാണ് കണ്ടെത്തിയത്. മുന്‍പ് നടത്തിയ പരീക്ഷണങ്ങളേക്കാള്‍ കൂടുതല്‍ അളവില്‍ ഹെയര്‍ ഫോളിക്കിള്‍ ജേം പുതിയ പരീക്ഷണത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് ബയോമെട്രിക് ജേണലില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചതെന്നും യൊക്കോഹമ സര്‍വകലാശാലയിലെ ഗവേഷകര്‍ വിശദീകരിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: