കശ്മീരില്‍ നാടോടി കുടുംബത്തെ തല്ലിച്ചതച്ച് ഗോരക്ഷകര്‍; ജീവന് വേണ്ടി കേഴുന്ന കുടുംബത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ജമ്മു കശ്മീരില്‍ അഞ്ചംഗ കുടുംബത്തിന് നേരെ ഒരു സംഘം ഗോ രക്ഷകര്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കന്നുകാലികളുമായി യാത്ര പുറപ്പെട്ട നാടോടി കുടുംബത്തിലെ അഞ്ച് പേരാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. മുദ്രാവാക്യങ്ങള്‍ മുഴക്കി തങ്ങളുടെ ഷെഡ്ഡുകള്‍ തല്ലിതകര്‍ക്കുകയും കത്തിക്കുകയും ചെയ്യുന്ന ഗോരക്ഷകരോട്, തൊഴുതു കേഴുന്ന നാടോടി കുടുംബമാണ് ദൃശ്യത്തില്‍. അക്രമികളെ തടയാന്‍ പൊലീസ് ഇടപെടുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.

ഒമ്പതു വയസുകാരി പെണ്‍കുട്ടി അടക്കമുള്ള കുടുംബമാണ് ഗോ രക്ഷകരുടെ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. ജമ്മുവിന് സമീപം രെസിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഗോ രക്ഷകരുടെ ആയുധങ്ങള്‍ക്കിടയില്‍ ജീവന് വേണ്ടി കേഴുന്ന സ്ത്രീകള്‍ അടങ്ങിയ കുടുംബത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇവരുടെ അപേക്ഷക്ക് പുല്ലുവില കല്‍പ്പിച്ച് താല്‍ക്കാലികമായി കെട്ടിയ ഷെഡ്ഡ് അടക്കം അക്രമികള്‍ അടിച്ചുതകര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മര്‍ദനത്തില്‍ ഒമ്പതു വയസുകാരിയായ സമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിലെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന ചെമ്മരിയാട്, ആട്, പശു, നായ തുടങ്ങിയ ജന്തുക്കളെ അക്രമികള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്.

വെള്ളിയാഴ്ച്ച തല്‍വാര മേഖലയിലൂടെ കന്നുകാലികളുമായി കടന്നുപോകവെയാണ് ഗോരക്ഷകര്‍ നാടോടി കുടുംബത്തെ ആക്രമിച്ചത്. ഇരുമ്പ് ദണ്ഡുകള്‍ കൊണ്ടായിരുന്നു മര്‍ദ്ദനം. മേഖലയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്. പതിനെട്ടിനും അമ്പത് വയസ്സിനും ഇടയിലുള്ളവരാണ് അറസ്റ്റിലായവര്‍. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് പറയുന്നു.


എ എം

Share this news

Leave a Reply

%d bloggers like this: