കവളപ്പാറയിലെ തിരച്ചിലിന് ഡ്രോണ്‍ : പുത്തുമലയില്‍ കണ്ടെത്തേണ്ടത് ഇനി 7 പേരെ; നാളെ മുതല്‍ മഴയ്ക്ക് ശമനം

മലപ്പുറം : വടക്കന്‍ ജില്ലകളെ കവര്‍ന്ന പ്രളയവും, മണ്ണിടിച്ചിലിനും ശമനം വന്നുതുടങ്ങിയെങ്കിലും ഈ പ്രദേശങ്ങളില്‍ നിന്നും കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നു. ഏക്കറുകണക്കിന് ഭൂമിയിലാണ് നാട്ടുകാര്‍ പറഞ്ഞ സാധ്യതകള്‍ക്കനുസരിച്ച കഴിഞ്ഞ മൂന്ന് ദിവസവും മണ്ണുമാന്തി ഉള്‍പ്പെടെ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്. കോഴിക്കോട്ടെ വിദഗ്ധന്‍ വരച്ച ഭൂപടം ഉപയോഗിച്ചുള്ള സാധ്യതാ പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

മണ്ണുമാന്തിയന്ത്രങ്ങള്‍ പലപ്പോഴും ചതുപ്പില്‍ പുതഞ്ഞു പോവുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. എറണാകുളത്ത് നിന്ന് മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ കൊണ്ടുവന്ന് തെരച്ചില്‍ നടത്താനാണ് ഇപ്പോഴുള്ള ശ്രമം. ബെല്‍ജിയം മെല്‍ നോയിസ് ഇനത്തില്‍പ്പെട്ട നായ്ക്കളെ എത്തിച്ചാണ് നടപടി. എറണാകുളത്തെ സ്വകാര്യ ഏജന്‍സിയാണ് നായ്ക്കളെ എത്തിച്ചത്. കാണാതായ ഏഴു പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടര്‍ച്ചയായി പെയ്ത ചാറ്റല്‍ മഴ മൂലം ഇന്നലെ നിര്‍ത്തിവച്ചിരുന്നു. ഇത് ഇന്ന് പുനരാംഭിച്ചിട്ടുണ്ട്. നിലവില്‍ 12 പേരാണ് പുത്തുമല ദുരന്തത്തില്‍ ഇതുവരെ മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്.

59 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്ന മലപ്പുറം കവളപ്പാറയിലെ ഭൂദാനത്തു നിന്ന് ഇന്ന് ഒരു മൃതദേഹം കണ്ടെത്തി. ഇതോടെ ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 31 ആയി. 28 പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്. ഇതിനുള്ള നടപടികള്‍ തുടരുകാണ്. ഇന്ന് ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് നീക്കം. എന്നാല്‍ ഇന്നലെ വരെ തിരച്ചിലില്‍ സജീവമായുണ്ടായിരുന്ന സൈന്യം മറ്റിടങ്ങളിലേക്ക് തിരിഞ്ഞതോടെ കവളപ്പാറയിലെ തിരച്ചിലിനെ അല്‍പം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ന്കൂടി കഴിഞ്ഞാല്‍ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Share this news

Leave a Reply

%d bloggers like this: