കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ‘അമ്മ നല്‍കിയ 5 കോടി 90 ലക്ഷം എവിടെ ? ധര്‍മ്മജന്‍ പ്രതികരിച്ചത് സഹജീവികളോടുള്ള സ്‌നേഹം കൊണ്ടെന്ന് ടിനി ടോം ; ‘അമ്മ ഇനി നേരിട്ട് വീടുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ നീക്കം

തിരുവനന്തപുരം : വീണ്ടും ഒരു പ്രളയ ദിനങ്ങള്‍ കൂടി കടന്നു വന്നപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തവണയും മലയാള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം തങ്ങളാല്‍ കഴിയുന്ന സഹായം പ്രളയ ബാധിതര്‍ക്കായി നല്‍കിയെങ്കിലും ഇത്തവണ അതെല്ലാം നേരിട്ട് എത്തിക്കാന്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ മുന്നിട്ടിറങ്ങി. ടിനി ടോം, ഇന്ദ്രജിത്, ടോവിനോ തുടങ്ങി വന്‍ താരാപട ആദ്യഘട്ടത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ പ്രളയ പ്രദേശങ്ങളില്‍ നേരിട്ട് എത്തിക്കുകയാണ്.

ലോഡുകള്‍ പലയിടങ്ങളിലും കുടുങ്ങി ആവശ്യക്കാര്‍ക്ക് എത്താത്ത സാഹചര്യം ഒഴിവാക്കാന്‍ ഇത്തവണ നേരിട്ട് എത്തിക്കുകയാണെന്ന് ടിനി ടോം പറയുന്നു. ഇതില്‍ പ്രത്യേക രാഷ്ട്രീയമോ, മറ്റു നിഷിപ്ത താത്പര്യങ്ങള്‍ ഇല്ലെന്നും ടിനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം എറണാകുളത്ത് രക്ഷാ പ്രവര്‍ത്തനം മുതല്‍ ശുചീകരണ പ്രവര്‍ത്തങ്ങളില്‍ പോലും സജീവമായ മലയാളികളുടെ ഇഷ്ടതാരം ടോവിനോ രംഗത്തെത്തിയത് മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണെന്ന പാപ്പരാസികളുടെ കണ്ടുപിടിത്തം വന്‍ വിവാദമായിരുന്നു.

തങ്ങള്‍ മറ്റു താത്പര്യങ്ങള്‍ക്ക് വേണ്ടിയല്ല ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതെന്ന് ടിനി മാധ്യമങ്ങളോട് പറഞ്ഞു. ആഴ്ച്ചകള്‍ക്ക് മുന്‍പ് കഴിഞ്ഞ പ്രളയവുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ അഭിപ്രായം മറ്റൊരു വിവാദത്തിലേക്ക് നയിച്ചിരുന്നു. പ്രളയ ദുരിതാശ്വാസം ആവശ്യക്കാരിലേക്ക് എത്തിയില്ല എന്നായിരുന്നു ധര്‍മ്മജന്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. ഇതിന് ഉത്തരം നല്‍കുകയാണ് ‘അമ്മ എന്ന സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ നടന്‍ ടിനി ടോം.

ധര്‍മജന്‍ രോഷാകുലനായത് സഹജീവികളോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണെന്നും അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോടുള്ള വൈരാഗ്യമല്ലെന്ന് ടിനി പറയുന്നു. താനും ധര്‍മജനും എല്ലാം വളരെ സാധാരണക്കാരില്‍ നിന്നും വന്നവരാണെന്നും അതുകൊണ്ടാണ് അത്തരമൊരു പ്രതികരണം ഉണ്ടായതെന്നും പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ ഏകദേശം 6 കോടിക്കടുത്ത തുക ‘അമ്മ സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരുന്നു; എന്നാല്‍ ആ പണം എന്തിന് വേണ്ടി ഉപയോഗിച്ചു എന്നതിന് കണക്കില്ല.

സര്‍ക്കാരിനോട് ‘അമ്മ വിശദീകരണം ആവശ്യപെട്ടിട്ടുണ്ട്. കൂടുതല്‍ പബ്ലിസിറ്റി കൊടുത്തല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ ‘അമ്മ ചെയ്യുന്നത്, എന്നാല്‍ ആ പണം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചോ എന്നറിയാനുള്ള അവകാശം അമ്മയ്ക്ക് ഉണ്ടെന്നും ടിനി വ്യക്തമാക്കി. കഴിഞ്ഞ പ്രളയനാന്തരം ഉണ്ടായ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വെച്ച് കൊടുത്ത വീട് കൂടുതലും ലഭിച്ചത് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്കാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു.

മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ 10,000 രൂപ നല്കിയതല്ലാതെ മറ്റ് സഹായങ്ങള്‍ നല്‍കിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തവണ ‘അമ്മ പ്രളയ ബാധിതര്‍ക്ക് നേരിട്ട് വീട് വെച്ചുകൊടുക്കാനുള്ള പദ്ധതികള്‍ ലക്ഷ്യം വെയ്ക്കുന്നതായി ടിനി ടോം സൂചന നല്‍കി. ഇതിന്റെ ഔദ്യോകിയ പ്രഖ്യാപനം ലാലേട്ടന്‍ നടത്തുമെന്നും ടിനി മാധ്യമങ്ങളോട് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: