കല്‍ബുര്‍ഗിയുടെ വധത്തെ സാഹിത്യ അക്കാദമി അപലപിച്ചു

 
ന്യൂഡല്‍ഹി: എം.എം. കല്‍ബുര്‍ഗിയുടെ വധത്തെ ഒടുവില്‍ കേന്ദ്ര സാഹിത്യ അക്കാദമി അപലപിച്ചു. രാജ്യത്തെ എഴുത്തുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് സാഹിത്യ അക്കാദമി കൊലപാതകത്തെ അപലപിച്ച് രംഗത്ത് എത്തിയത്. വെള്ളിയാഴ്ച അക്കാദമി വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. കല്‍ബുര്‍ഗിയുടെ വധത്തെ അപലപിക്കുന്നതായി അക്കാദമി ബോര്‍ഡ് അംഗം കെ. നാച്ചിമുത്തു പറഞ്ഞു. പുരസ്‌കാരങ്ങള്‍ തിരസ്‌കരിച്ച എഴുത്തുകാര്‍ അവ തിരികെ വാങ്ങണം. ഭാരവാഹിത്വം രാജിവച്ചവര്‍ തിരികെ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ, കേന്ദ്ര സാഹിത്യ അക്കാദമിക്കു മുന്നില്‍ ചേരിതിരിഞ്ഞു പ്രതിഷേധം നടന്നു. സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്മാരും പുരസ്‌കാരങ്ങള്‍ സാഹിത്യകാരന്മാര്‍ തിരിച്ചു നല്കുന്നതില്‍ ബിജെപി അനുകൂല സംഘടനകളുമാണ് അക്കാദമിക്കു മുന്നില്‍ പ്രതിഷേധിച്ചത്. സാഹിത്യകാരന്മാരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും പുരസ്‌കാരങ്ങള്‍ മടക്കി നല്കുന്നത് രാജ്യത്തോടുള്ള അനാദരവാണെന്നുമാണ് എഴുത്തുകാര്‍ക്കെതിരേ പ്രതിഷേധിക്കുന്നവരുടെ വാദം. അതേസമയം രാജ്യത്തെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാര്‍ സാഹിത്യ അക്കാദമിക്കു കത്തു നല്കി.

സാഹിത്യ അക്കാദമി അടിയന്തരയോഗം പുരോഗമിക്കുന്നതിനിടെയാണു പുറത്തു പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ പുരസ്‌ക്കാരങ്ങള്‍ തിരിച്ച് നല്‍കുന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരയോഗം അക്കാദമി വിളിച്ചുചേര്‍ത്തത്.
-എജെ-

Share this news

Leave a Reply

%d bloggers like this: