കലൈഞ്ജര്‍ക്ക് വിട നല്‍കി തമിഴകം; മറീനാബീച്ചില്‍ തടിച്ചുകൂടിയത് പതിനായിരങ്ങള്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ കലൈഞ്ജര്‍ കരുണാനിധിയുടെ ഭൗതിക ശരീരം ജനസഹസ്രങ്ങളെ സാക്ഷിയാക്കി ചെന്നൈ മറീനാ ബീച്ചിലെ അണ്ണാ സ്മാരകത്തിന് സമീപം സംസ്‌കരിച്ചു. പ്രിയപ്പെട്ട കലൈഞ്ജറെ ഒരു നോക്ക് കാണാനായി റോഡിന് ഇരുവശത്തും തടിച്ചുകൂടിയ ജനസമുദ്രം കാരണം നിശ്ചയിച്ചതിലും വൈകിയാണ് വിലാപയാത്ര മറീനാ ബീച്ചില്‍ എത്തിച്ചേര്‍ന്നത്. എല്ലാ ഔദ്യോഗിക ബഹുമതികളോടുകൂടിയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തമിഴ്നാട് ഗവര്‍ണര്‍ ബെന്‍വാരിലാല്‍ പുരോഹിത്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തമിഴ്നാട് മന്ത്രി ഡി ജയകുമാര്‍, ഗുലാം നബി ആസാദ് തുടങ്ങി നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങിന് എത്തിയിരുന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ ഉണ്ടായെങ്കിലും കലൈഞ്ജറുടെ ആഗ്രഹം പോലെ തന്നെ തന്റെ പ്രിയപ്പെട്ട അണ്ണാദുരൈയുടെ സമീപത്ത് തന്നെയാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം.

കരുണാനിധിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മറീന ബിച്ചിലെത്തിയതിന് പിന്നാലെ സംസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമായി. വിലാപയാത്ര കടന്നുപോയ വഴിയരികില്‍ വന്‍ജനാവലിയാണ് കാത്തുനിന്നത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ആയിരങ്ങളാണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്കും പകല്‍ മുഴുവന്‍ ഒഴുകിയെത്തിയത്.

പോലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങള്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. എല്ലാവരും സംയമനം പാലിക്കണമെന്ന് ഈ ഘട്ടത്തില്‍ സ്റ്റാലിന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടു. ‘ഞാന്‍ നിങ്ങളുടെ കാലുപിടിക്കാം. ആരും തിക്കും തിരക്കും കൂട്ടരുത്. അധികാരത്തിലുള്ളവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്’ – അദ്ദേഹം കുറ്റപ്പെടുത്തി

കലൈഞ്ജറുടെ മൃതദേഹം മറീന ബീച്ചില്‍ സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് പ്രതിധേഷത്തിന് ഇടയാക്കിയിരുന്നു. ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെയാവുമെന്ന് ഉറപ്പായത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: