കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം മയക്കുമരുന്ന് ഉപയോഗവും, പ്രണയനൈരാശ്യവുമെന്ന് മന്ത്രി

ന്യൂഡല്‍ഹി: രാജ്യമെമ്പാടും കടക്കെണിയിലകപ്പെട്ട നിരവധി കര്‍ഷകര്‍ ജീവനൊടുക്കുന്നതിനിടെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്ര കൃഷി മന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസ്താവന വിവാദമായി. കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം മയക്കുമരുന്ന് ഉപയോഗം, പ്രണയനൈരാശ്യം, വന്ധ്യത തുടങ്ങിയാണെന്നാണ് മന്ത്രി രാധാമോഹന്‍ സിംഗ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. കര്‍ഷക ആത്മഹത്യകള്‍ക്കുള്ള കാരണം കടക്കെണിയാണോയെന്ന ചോദ്യത്തിനാണ് അതു മാത്രമല്ലെന്ന വിശദീകരണം നല്‍കിയത്.

ദേശീയ ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) കണക്കനുസരിച്ച് കുടുംബ പ്രശ്‌നങ്ങള്‍, രോഗം, മയക്കുമരുന്ന്, സ്ത്രീധനം, പ്രണയപരാജയങ്ങള്‍, വന്ധ്യത തുടങ്ങിയവയാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു. അതോടൊപ്പം കടക്കെണി, പ്രതികൂല കാലാവസ്ഥ മൂലമുള്ള കൃഷി നാശം എന്നിവയും കാരണങ്ങളായുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ബില്‍ കര്‍ഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. കര്‍ഷകരുമായി സംവദിക്കാന്‍ ആന്ധ്രയില്‍ ഇന്നലെ പദയാത്ര നടത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും കര്‍ഷക കുടുംബങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട കേന്ദ്രം വസ്തുതകള്‍ വളച്ചൊടിക്കാനാണ് ഇത്തരം മറുപടികള്‍ നല്‍കുന്നതെന്ന് സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. തെറ്റായ കണക്കുകളുമായി രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ച കേന്ദ്രമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് ജെ.ഡി.യു അംഗം കെ.സി. ത്യാഗിയും അറിയിച്ചിട്ടുണ്ട്. എന്നാല്‍, മറുപടി വിവാദമായതിന് തൊട്ടു പിന്നാലെ, താന്‍ എന്‍.സി.ആര്‍.ബിയുടെ കണക്കുകള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: