കര്‍ഷകന്റെ ആത്മഹത്യ: ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധ

കൈവശഭൂമിക്ക് കരം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയാല്‍ കേസെടുക്കാന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ വിശദമായ പരിശോധന നടത്തുന്നതിന് റവന്യുവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി പിഎച്ച് കുര്യന്‍ നാളെ ചെമ്പനോട വില്ലേജ് ഓഫീസ് സന്ദര്‍ശിക്കും.

ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ ഭുരേഖകളില്‍ തിരുത്തലുകള്‍ നടന്നുവെന്ന് ബന്ധുക്കള്‍ ഇന്ന് രാവിലെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് പരിശോധന നടന്നത്. കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജോയിയുടെ ഭൂമിയുടെ കരം ഇന്ന് ചെമ്പനോട വില്ലേജ് ഓഫീസില്‍ സ്വീകരിച്ചിരുന്നു. ജോയിയുടെ സഹോദരനാണ് ഓഫീസിലെത്തി കരമടച്ചത്. കരം അടയ്ക്കാനെത്തിയപ്പോഴാണ് ഭൂരേഖകളില്‍ തിരുത്തലുകള്‍ നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് തിരുത്തല്‍ വരുത്തിയ രേഖകളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ബഹളം വെക്കുകയും വില്ലേജ് ഓഫീസ് ഉപരോധിക്കുകയും ചെയ്തു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ രേഖകള്‍ നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ പിഴവ് ഉണ്ടായെന്ന് ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റന്റ് എന്നിവര്‍ക്ക് സംഭവത്തില്‍ ഒരുപോലെ ഉത്തരവാദിത്വം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ കഴിഞ്ഞ ദിവസം കളക്ടര്‍ ഇരുവരേയും സസ്പെന്‍ഡ് ചെയ്തിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: