കര്‍ണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

രണ്ട് ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപിയുടെ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ ഒന്‍പത് മണിക്ക് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയ്ക്ക് സത്യവാചകം ചൊല്ലികൊടുത്തു. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണനയില്‍ വരുമെന്നുള്ളത് കൊണ്ടും തത്ക്കാലം യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്യട്ടെയെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം. അതിന്‍പ്രകാരമാണ് യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്തത്.

രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തത്കാലം അത് വേണ്ടെന്ന് വെക്കുകയായിരുന്നു. പ്രകാശ് ജാവദേക്കര്‍, സദാനന്ദ ഗൗഡ, അനന്ത് കുമാര്‍, ജെ പി നഡ്ഡ, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കര്‍ണാടകത്തിന്റെ 22-ാം മുഖ്യമന്ത്രിയായാണ് യെദ്യൂരപ്പ അധികാരമേറ്റത്. ഇത് മൂന്നാംതവണയാണ് കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേല്‍ക്കുന്നത്.

ആകെയുള്ള 224 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 113 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ബിജെപിക്ക് 104 പേരുടെ എംഎല്‍എമാരാണുള്ളത്. ഒരു സ്വതന്ത്രനടക്കം 105 പേരുടെ പിന്തുണ. 15 ദിവസമാണ് നിയമസഭയില്‍ വിശ്വാസ വോട്ട് തേടി ഭൂരിപക്ഷം തെളിയിക്കാനായി ഗവര്‍ണര്‍ ബിജെപിക്ക് അനുവദിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നടപടി വലിയ വിവാദമായിരിക്കുകയുമാണ്. ചീഫ് ജസ്റ്റിസ് മൂന്ന് ജഡ്ജിമാരുടെ ബഞ്ച് രൂപീകരിച്ച് കേസ് അലോക്കേറ്റ് ചെയ്യുകയായിരുന്നു.

ജസ്റ്റിസ് എകെ സിക്രി അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, അശോക് ഭൂഷന്‍ എന്നിവര്‍ അംഗങ്ങളാണ് ഏകദേശം മൂന്നര മണിക്കൂറോളം വാദം കേള്‍ക്കല്‍ നീണ്ടുനിന്നു. അതേസമയം നാളെ രാവിലെ 10.30ന് കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. എംഎല്‍എമാരുടെ പിന്തുണക്കത്ത് ഹാജരാക്കാന്‍ ബിജെപിയോട് കോടതി ആവശ്യപ്പെട്ടു. ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തിന് ബിജെപിയേക്കാള്‍ എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ ഏത് സാഹചര്യത്തിലാണ് യെദിയൂരപ്പ ഭൂരിപക്ഷം അവകാശപ്പെടുന്നതെന്ന് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: