കര്‍ണാടക ജയനഗര്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിജയം, ബിജെപിക്ക് തിരിച്ചടി

കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി ബിജെപിയുടെ ബിഎ പ്രഹ്ലാദിനെ 2,889 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വിജയത്തോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 80 ആയി ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒന്നിച്ച് നേരിട്ട ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്.

സൗമ്യ റെഡ്ഡി 54, 457 വോട്ടുകള്‍ നേടിയപ്പോള്‍ ബിഎ പ്രഹ്ലാദിന് 51, 568 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 46 ശതമാനവും ബിജെപിക്ക് 43.2 ശതമാനവും വോട്ടുകള്‍ ലഭിച്ചു. മെയ് 12 നായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. ജൂണ്‍ 11 നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. 55 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ നടന്നത്. വിജയകുമാറിന്റെ സഹോദരനാണ് ബിജെപിയ്ക്കായി പോരാട്ടത്തിനിറങ്ങിയ ബിഎന്‍ പ്രഹ്ലാദ്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉടലെടുത്ത കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ജയനഗറില്‍ ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നേരത്ത ആര്‍ആര്‍ നഗറിലെ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരിക്കുകയായിരുന്നു. ഇത് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തിരുന്നു. വെവ്വേറെ മത്സരിച്ചെങ്കിലും കോണ്‍ഗ്രസാണ് ആര്‍ആര്‍ നഗറില്‍ വിജയം നേടിയത്. ജനതാദള്‍ മൂന്നാം സ്ഥാനത്താണ് വന്നത്. ബിജെപിയാണ് രണ്ടാമതെത്തിയത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: