കര്‍ണാടകയില്‍ കുമാരസാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഭവവികാസങ്ങള്‍ ബി.ജെ.പി ക്ക് തിരിച്ചടിയായും, പ്രതിപക്ഷത്തിന് പുതുജീവന്‍ പകരുന്ന അവസ്ഥയായും പരിണമിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതിനെ തുടര്‍ന്ന് രാജിവച്ച ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ പകരക്കാരനായി ജനതദളിലെ (എസ്) എച്ച്.ഡി കുമാരസാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. ആദ്യം തിങ്കളാഴ്ചയാണ് സ്ഥാമനേല്‍ക്കാനിരുന്നതെങ്കിലും അന്ന് രാജീവ്ഗാന്ധിയുടെ ചരമ വാര്‍ഷിക ദിനമായിരുന്നതിനാല്‍ സ്ഥാനാരോഹണം ബുധനാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

കോണ്‍ഗ്രസ് – ജനതാദള്‍ (എസ്) സഖ്യത്തിന് നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണയുള്ളപ്പോള്‍ ബി.ജെ.പി ക്ക് 104 അംഗങ്ങളാണുള്ളത്. കര്‍ണാടകത്തില്‍ വിശ്വാസ വോട്ട് നേടാനാകാതെ രാജിവച്ച് ഇറങ്ങിപ്പോരേണ്ട സാഹചര്യം ബി.ജെ.പി ക്കുണ്ടായത് ദേശീയ തലത്തില്‍ ഏറെ രാഷട്രീയ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് ശക്തി പകരുന്ന സംഭവമായി ഇത് മാറും. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരുമിച്ചു നിന്നാല്‍ ബി.ജെ.പി യെ പിടിച്ചു കെട്ടാനാകുമെന്ന് പ്രതിപക്ഷത്തിന് വ്യക്തമായ സന്ദേശം കര്‍ണാടകം നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നപ്പിക്കാനുള്ള വേദി കൂടിയായ ബുധനാഴ്ചത്തെ സ്ഥാനാരോഹണ ചടങ്ങ് മാറാന്‍ പോവുകയാണ്. സോണിയാഗന്ധിക്കും, രാഹുല്‍ഗാന്ധിക്കും പുറമേ മായാവതി (ബി.എസ്.പി), തേജസ്വി യാദവ് (ആര്‍.ജെ.ഡി), അഖിലേഷ് യാദവ് (എസ്.പി), മമതാ ബാനര്‍ജി (ടി.എം.സി), കെ.സി.റാവു (ടി.ആര്‍.എസ്), ചന്ദ്രബാബു നായിഡു (ടി.ഡി.പി) തുടങ്ങിയവരെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുവാന്‍ കുമാരസാമി ക്ഷണിച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: