കര്‍ദിനാള്‍ ആലഞ്ചേരിക്ക് അതിരൂപതയുടെ ഭരണ ചുമതല വത്തിക്കാന്‍ തിരിച്ചുനല്‍കി…

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണ ചുമതലയിലേക്ക് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തിരികെയെത്തുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം വത്തിക്കാന്‍ പുറപ്പെടുവിച്ചു. ഔദ്യോഗിക ഉത്തരവ് ഇന്ന് ഉച്ചയോടെ ഉണ്ടാകുമെന്നാണ് വിവരം. അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദത്തെ തുടര്‍ന്നായിരുന്നു സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭരണകാര്യങ്ങളില്‍ നിന്നും കര്‍ദിനാള്‍ ആലഞ്ചേരിയെ മാറ്റിയത്. പകരം പാലക്കാട് രൂപത മെത്രാനായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമിക്കുകയായിരുന്നു. കര്‍ദിനാള്‍ ആലഞ്ചേരി തിരിച്ചെത്തുന്നതോടെ ജേക്കബ് മനത്തോടത്ത് ചുമതലയൊഴിഞ്ഞ് പാലക്കാട് രൂപത മെത്രാനായി തിരികെ പോകും.

അതിരൂപകയ്ക്ക് ഭീമമായ നഷ്ടം വരുത്തി വച്ചുകൊണ്ടു നടന്ന ഭൂമിക്കച്ചവടത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കും പങ്കുണ്ടെന്ന് ആരോപണത്തെ തുടര്‍ന്നായിരുന്നു സിറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കൂടിയായ ആലഞ്ചേരിയില്‍ നിന്നും അതിരൂപത അധികാരങ്ങള്‍ എടുത്തു മാറ്റിയത്. ആലഞ്ചേരിയെ ഒരു നോമിനല്‍ ആര്‍ച്ച് ബിഷപ്പ് മാത്രമായി നിര്‍ത്തിക്കൊണ്ടായിരുന്നു ബിഷപ്പ് മനത്തോടത്തിന് അതിരൂപതയുടെ സുപ്രധാന അധികാരങ്ങള്‍ എല്ലാം നല്‍കിയത്.

ഭൂമിക്കച്ചവട വിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുക എന്ന നിര്‍ദേശത്തോടെയായിരുന്നു ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ ഒരു ര്‍ഷത്തെ കാലാവധിയില്‍ അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍പാപ്പ നിയമിച്ചത്. ആ കാലവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് കര്‍ദിനാളിന് ചുമതലകള്‍ തിരികെ നല്‍കുന്നതെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ ഭൂമിവിവാദ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വത്തിക്കാന് സമര്‍പ്പിച്ചിരുന്നു. രഹസ്യ സ്വാഭാവമുള്ള് ഈ റിപ്പോര്‍ട്ടിനുമേല്‍ വത്തിക്കാന്‍ തീരുമാനം എടുക്കാനിരിക്കെയാണ് കര്‍ദിനാളിന് നഷ്ടമായ സ്ഥാനമാനങ്ങളെല്ലാം തിരികെ കിട്ടുന്നത്.

കര്‍ദിനാള്‍ വിഭാഗം ഇത് തങ്ങളുടെ വിജയമായാണ് കാണുന്നത്. ഭൂമിവിവാദത്തില്‍ വത്തിക്കാന്‍ ആലഞ്ചേരിക്ക് അനുകൂലമായി നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയാണ് ഇപ്പോഴത്തെ തീരുമാനം എന്നവര്‍ വ്യാഖാനിക്കുന്നുണ്ട്. എന്നാല്‍ ഭൂമി വില്‍പ്പനയിലെ ക്രമക്കേട് ഉയര്‍ത്തിക്കൊണ്ടു വന്ന മെത്രാന്മാരും വൈദികരും ഉള്‍പ്പെട്ട വിവമത വിഭാഗം വത്തിക്കാന്റെ തീരുമാനം സ്വാഭാവിക നടപടിയായാണ് കാണുന്നത്. ഒരു വര്‍ഷത്തേക്കായിരുന്നു അപ്പസ്റ്റോലിക്ക് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനമെന്നും അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുക എന്ന സുപ്രധാന ജോലി നിര്‍വഹിക്കുകയും അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ കാലവധി പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ മുന്‍പത്തെ സ്റ്റാറ്റസ്‌കോ തുടരാന്‍ മാത്രമാണ് വത്തിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വിമത വിഭാഗത്തിന്റെ വാദം. അടുത്ത ദിവസങ്ങളില്‍ തന്നെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സമര്‍പ്പിച്ച ഭൂമിവില്‍പ്പനയിലെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ വത്തിക്കാനില്‍ നിന്നും നടപടിയുണ്ടാകുമെന്നും ഇത് കര്‍ദിനാള്‍ വിഭാഗത്തിന് തിരിച്ചടി നല്‍കുന്നതായിരിക്കുമെന്നും ഇവര്‍ പറയുന്നു.

അതേസമയം കഴിഞ്ഞദിവസം വത്തിക്കാനില്‍ നിന്നും നിര്‍ദേശം വന്നതിനു പിന്നാലെ തന്നെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപത ആസ്ഥാനത്ത് എത്തിച്ചേര്‍ന്നിരുന്നു. തനിക്ക് ഉണ്ടായിരുന്ന ചുമതലകളില്‍ തിരികെ പ്രവേശിക്കാനാണ് എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ബിഷപ്പ് ഹൗസില്‍ അറിയിക്കുകയും ചെയ്തു. ഇന്ന് രാവിലെ കൂരിയ യോഗത്തില്‍ കര്‍ദിനാള്‍ പങ്കെടുക്കയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: