കരിപ്പൂര്‍ സംഘര്‍ഷം: ജവാന്മാരുടെ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ണ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള സിഐഎസ്എഫ് ജവാന്‍മാര്‍ വിമാനത്താവളത്തില്‍ അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ലൈറ്റുകള്‍ ഓഫ് ആക്കിയ ശേഷം ചുവര്‍ചിത്രങ്ങളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങളാണുള്ളത്. സിസിടിവിയില്‍ പതിയാതിരിക്കാന്‍ ലൈറ്റുകള്‍ ഓഫ് ചെയ്ത ശേഷമാണ് യൂണിഫോം ധരിച്ചവരും അല്ലാത്തവരുമായ സിഐഎസ്എഫ് ജവാന്‍മാര്‍ ലാത്തിയും മറ്റും ഉപയോഗിച്ച് ഫര്‍ണിച്ചറുകളും ചുവര്‍ ചിത്രങ്ങളും അടിച്ചുതകര്‍ത്തത്. എയര്‍പോര്‍ട്ടിലുള്ളത് നൈറ്റ് വിഷന്‍ ക്യാമറയാണെന്നറിയാതെയായിരുന്നു ഇത്. അതിക്രമത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നു.

രോഷാകുലരായ സിഐഎസ്എഫ് ജവാന്മാര്‍ കൂട്ടമായെത്തി ചുവര്‍ ചിത്രങ്ങള്‍ അടിച്ചു തകര്‍ക്കുന്നതും ഫര്‍ണിച്ചറുകള്‍ മറിച്ചിടുന്നതുമായ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ ചവിട്ടിപൊളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പരുക്കേറ്റ ജവാന്‍ മരിച്ചെന്നുറപ്പിച്ചതിനു പിന്നാലെ കൂട്ടത്തിലൊരാളെ നഷ്ടപ്പെട്ടതിന്റെ രോഷവുമായി സി.ഐ.എസ്.എഫ് ജവാന്‍മാര്‍ ആള്‍ക്കൂട്ടത്തിനു നേരെ പാഞ്ഞടുത്തത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പുറത്ത് നിന്നു ഉള്ളിലേക്കെത്തിയ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. വിമാനത്താവളത്തിലെ അതീവസുരക്ഷാ ഗേറ്റ് വഴിയെത്തിയ അഗ്‌നിശമന സേനാംഗത്തെ സിഐഎസ്എഫ് ജവാന്‍മാര്‍ തടഞ്ഞുനിര്‍ത്തി ദേഹപരിശോധന നടത്താന്‍ ശ്രമിച്ചതോടെയാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം കേട്ട് കൂടുതല്‍ അഗ്‌നിശമന സേനാംഗങ്ങളും ജവാന്‍മാരും കുതിച്ചെത്തി. വിമാനത്താള അതോറിറ്റി ജീവനക്കാരും എത്തിയതോടെ വാക്കുതര്‍ക്കം രൂക്ഷമായി. ഇതിനിടെയാണ് വെടിവയ്പുണ്ടായതും തുടര്‍ന്ന് ജവാന്‍ കൊല്ലപ്പെട്ടതും.

സംഘര്‍ഷത്തില്‍ ജവാന്‍ മരിച്ചത് വെടിയുണ്ട തലയില്‍ തറച്ചു കയറിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. എസ്.എസ്.യാദവിന്റെ തലച്ചോര്‍ തുളച്ചുകയറിയ വെടിയുണ്ട പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പരുക്കേറ്റ വിമാനത്താവള ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയില്‍ കഴിയുന്ന ആളുകളെ പ്രതി ചേര്‍ക്കും. വെടിപൊട്ടിയ തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്കായി അയക്കും.
-എജെ-

Share this news

Leave a Reply

%d bloggers like this: