കരിപ്പൂരില്‍ നിന്ന് ഇനി വലിയ വിമാനങ്ങള്‍കും പറക്കാം, സൗദി എയര്‍ലൈന്‍സിന് സര്‍വീസ് നടത്താന്‍ അനുമതി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി നല്‍കി. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണിത്. സെപ്തംബര്‍ പകുതിയോടെ തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. നിലവില്‍ സൗദിയുടെ വലിയ വിമാനങ്ങള്‍ തിരവനന്തപുരത്തേക്കാണ് സര്‍വീസ് നടത്തുന്നത്. ഇനി ഈ സര്‍വീസുകള്‍ കരിപ്പൂരിലേക്ക് മാറ്റും.

ആദ്യഘട്ടത്തില്‍ പകല്‍ മാത്രമായിരിക്കും സര്‍വീസ് ഉണ്ടാകുക. പിന്നീട് രാത്രിയിലും സര്‍വീസുകള്‍ ആരംഭിക്കും. കോഡ് ഇയിലെ 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആര്‍, 298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നീ വിമാനങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചായിരിക്കും സര്‍വിസ് ആരംഭിക്കുക. സര്‍വീസ് ആരംഭിക്കാന്‍ അനുമതി തേടി കഴിഞ്ഞ ഏപ്രിലിലാണ് സൗദി എയര്‍ലൈന്‍സ് അപേക്ഷ സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അതോറിറ്റി ഡിജിസിഎയ്ക്ക് കൈമാറുകയായിരുന്നു. ജൂലൈ 31ന് അനുമതി ലഭിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചതോടെ കൂടുതല്‍ വിമാനക്കമ്പനികള്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്താന്‍ അനുമതി തേടുമെന്നാണ് കരുതുന്നത്. വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങുമായി ബന്ധപ്പെട്ട പഠനത്തിന് എയര്‍ ഇന്ത്യയുടെ ഉന്നതസംഘവും തിങ്കളാഴ്ചയെത്തിയിരുന്നു. വലിയ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഭാഗമായി റണ്‍വേ നവീകരണ ജോലികളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: