കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി; തിരികെ യാത്രാ സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് വിമാനത്തില്‍ നിന്നിറങ്ങാതെ യാത്രക്കാര്‍

 

കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം മോശം കാലാവസ്ഥയുടെ പേരില്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കിയതില്‍ പ്രതിഷേധിച്ച് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതെ യാത്രക്കാര്‍. നൂറ്റിഇരുപതോളം യാത്രക്കാരുമായെത്തിയ ഒമാന്‍ എയര്‍വേയ്സ് വിമാനം കാലാവസ്ഥ മോശമായതതിനെത്തുടര്‍ന്ന് നെടുമ്പോശ്ശേരിയില്‍ ഇറക്കുകയായിരുന്നു.

എന്നാല്‍ വിമാനം പിന്നീട് കരിപ്പൂരില്‍ എത്തിക്കാന്‍ ശ്രമിക്കുകയോ യാത്രക്കാര്‍ക്ക് മറ്റ് യത്രാസൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയോ ചെയ്യാതിരുന്നതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. കരിപ്പൂരിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്നും അതിനാല്‍ തിരികെ കരിപ്പൂരിലേക്ക് എത്തിക്കാനാവില്ലെന്നുമായിരുന്നു വിമാനക്കമ്പനിയുടെ പ്രതികരണം.

ഇതില്‍ പ്രതിഷേധിച്ചാണ് യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാതിരുന്നത്. എന്നാല്‍ നാലര മണിക്കൂറോളം വിമാനത്തില്‍ തന്നെ ഇരുന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാത്രക്കാര്‍ക്ക് അനുകൂലമായി യാതൊരു നടിപടിയുമുണ്ടായില്ല. ഭക്ഷണം പോലും കഴിക്കാതെ ഏറെ സമയം കാത്തിരുന്നിട്ടും യാതൊരു നടപടിയുമില്ലാതായപ്പോള്‍ യാത്രക്കാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇടപെടുകയായിരുന്നു.

പൊലീസും തങ്ങളുടെ പരാതി പരിഗണിച്ചില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെടുകയാണ് പൊലീസ് ചെയ്തത്. നാലര മണിക്കൂര്‍ ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും കരിപ്പൂരിലേക്ക് തിരിച്ചെത്തിക്കനുള്ള യാത്രാസൗകര്യം ഒരുക്കണമെന്നുമാവശ്യപ്പെട്ടപ്പോള്‍ നിര്‍ബന്ധിച്ച് പുറത്തിറക്കുകയാണ് പൊലീസ് ചെയ്തത്. ഇറങ്ങാത്തവരുടെ പേരില്‍ കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും യാത്രക്കാര്‍ ആരോപിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: