കരാറില്ലാതെ ബ്രെക്‌സിറ്റ് വേണ്ട -ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അന്തിമാനുമതി

കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് തടയാനുള്ള ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉപരിസഭ വെള്ളിയാഴ്ച അന്തിമാനുമതി നല്‍കി. നിലവിലെ കരാര്‍പ്രകാരം ബ്രെക്‌സിറ്റ് തീയതിയായ ഒക്ടോബര്‍ 31-നകം യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്താനായില്ലെങ്കില്‍ 2020 ജനുവരി 31 വരെ സമയം നീട്ടിച്ചോദിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് ബില്‍. എലിസബത്ത് രാജ്ഞി അംഗീകാരം ലഭിച്ചാല്‍ ബില്‍ നിയമമാകും. ബ്രിട്ടനില്‍ ഒക്ടോബര്‍ 15-ന് തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെടുക്കുന്ന ബോറിസ് ജോണ്‍സണെ ഇത് വീണ്ടും പ്രതിസന്ധിയിലാക്കി. ഒക്ടോബര്‍ 17, 18 തീയതികളില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കുമുമ്പായി തിരഞ്ഞെടുപ്പ് നടത്താനാണ് ബോറിസ് ജോണ്‍സണ്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍, എന്തുസംഭവിച്ചാലും ഒക്ടോബര്‍ 31-നുതന്നെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടില്ലെന്നും നിശ്ചയിച്ച തീയതിയില്‍ അതുനടന്നാലേ രാജ്യത്തിന് മുന്നോട്ടുപോകാനാവൂയെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റുചെയ്ത വീഡിയോയിലാണ് ബോറിസ് ജോണ്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

”പുതിയ കരാറുണ്ടാക്കാനായി കഴിഞ്ഞ അഞ്ചാഴ്ചയായി ചര്‍ച്ച നടത്തുന്നു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ചര്‍ച്ചയ്ക്ക് തയ്യാറാണ്. കാരണം, കരാറുണ്ടെങ്കിലും ഇല്ലെങ്കിലും ഒക്ടോബര്‍ 31-ന് ബ്രിട്ടന്‍ യൂണിയന്‍ വിടുമെന്ന് അവര്‍ക്ക് പ്രതീക്ഷയുണ്ട്” -അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 15-ന് ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നടത്താനാവശ്യപ്പെട്ട് ബോറിസ് ജോണ്‍സണ്‍ കൊണ്ടുവന്ന പ്രമേയം ബുധനാഴ്ച പാര്‍ലമെന്റ് തള്ളിയിരുന്നു. അതിനുമുമ്പ് കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് തടയുന്ന പ്രമേയവും ഭരണകക്ഷിയംഗങ്ങളുടെ പിന്തുണയോടെ സഭ പാസാക്കി. തിരഞ്ഞെടുപ്പ് നടത്താനാവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ തിങ്കളാഴ്ച സഭയില്‍ വീണ്ടും വോട്ടെടുപ്പ് നടക്കും. എന്നാല്‍, തിങ്കളാഴ്ചത്തെ വോട്ടെടുപ്പിലും പ്രമേയത്തിനെതിരേ വോട്ടുചെയ്യുമെന്ന് പ്രതിപക്ഷത്തെ ലേബര്‍, ലിബറല്‍ ഡെമോക്രാറ്റിക്, എസ്.എന്‍.പി., പ്ലൈഡ് സിമ്രു എന്നീ പാര്‍ട്ടികള്‍ വ്യക്തമാക്കി.

അതിനിടെ ബ്രെക്‌സിറ്റ് തീയതി നീട്ടിച്ചോദിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തയ്യാറായില്ലെങ്കില്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് ബ്രിട്ടീഷ് എം.പി.മാര്‍. പ്രതിപക്ഷ അംഗങ്ങളെക്കൂടാതെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ എം.പി.മാരും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ഒക്ടോബര്‍ 19-നകം ബ്രെക്‌സിറ്റ് കരാറില്‍ ധാരണയുണ്ടാക്കാനായില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനോട് 2020 ജനുവരി 31-വരെ സമയം ചോദിക്കണമെന്നുള്ള ബില്‍ തിങ്കളാഴ്ച വീണ്ടും വോട്ടിനിടാനിരിക്കേയാണ് പാര്‍ലമെന്റംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. കരാറില്ലാതെ ബ്രെക്‌സിറ്റ് വേണ്ടെന്ന ബില്ലിന് വെള്ളിയാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റ് അന്തിമാനുമതി നല്‍കിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ അംഗീകാരംകൂടി ലഭിച്ചാല്‍ ബില്‍ നിയമമാകും. എന്നാല്‍, ഇക്കാര്യത്തില്‍ ബോറിസ് ജോണ്‍സണ്‍ വഴങ്ങാതിരുന്നാലാണ് കോടതിയെ സമീപിക്കുക. ഇതിനായി എം.പി.മാര്‍ നിയമസംഘം രൂപവത്കരിച്ചു.

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് തൊഴില്‍-പെന്‍ഷന്‍ സെക്രട്ടറി ആംബര്‍ റൂഡ് ക്യാബിനറ്റില്‍ നിന്നും നാടകീയമായി രാജി വച്ചതോടെ ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ‘പാര്‍ട്ടിയിലെ ഏക്കാലത്തേയും വിശ്വസ്തരായ മിതവാദികളായ എംപിമാരെ’ പുറത്താക്കുന്നതിന് കൂട്ടുനില്‍ക്കാനാകില്ല എന്ന് പറഞ്ഞാണ് അവര്‍ രാജി സമര്‍പ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: