കരാര്‍ രഹിത ബ്രെക്‌സിറ്റുമായി ബോറിസ് ജോണ്‍സണ്‍ മുന്നോട്ട് തന്നെ; യു കെ യില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഉള്‍പ്പെടെ വില ഉയരുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ : ബോറിസ് ജോണ്‍സന്റെ നോ ഡീല്‍ ബ്രെക്‌സിറ്റിനെ ശക്തമായി നേരിടാന്‍ പ്രതിപക്ഷ നേതാവ് ജറമി കോര്‍ബിന്റെ ആഹ്വനം. ഒക്ടോബര്‍ 31-നു മുന്‍പ് നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എന്നാല്‍ ഒരുപാട് വൈകുന്നതിനു മുന്‍പ് നോ ഡീല്‍ ബ്രെക്‌സിറ്റ് എന്ന തീരുമാനത്തിനെതിരെ ഒന്നിക്കണമെന്ന് ജറമി എം പി മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റ് ഉടന്‍ വിളിക്കണമെന്ന് ഇതിനകംതന്നെ വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രെക്സിറ്റ് സമയപരിധി അവസാനിക്കുന്നതുവരെ പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാതെയിരിക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ കഴിയുന്ന കാര്യമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഡി.യു.പി ഒഴികെയുള്ള എല്ലാ വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ട്ടികളെയും പ്രതിനിധീകരിച്ച് നൂറിലധികം എംപിമാരുടെ ഒരു സംഘം സംയുക്തമായി കത്തെഴുതിയിട്ടുണ്ട്.

നോ ഡീല്‍ ബ്രെക്‌സിറ്റിനെ ടോറി എം.പിമാര്‍ പോലും പൂര്‍ണ്ണമായി പിന്തുണക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ അവര്‍ ജെറമി കോര്‍ബിനെ പിന്തുണക്കാനും തയ്യാറല്ല. അത് ബ്രെക്‌സിറ്റ് വൈകിപ്പിക്കുകയും രാജ്യത്തെ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നതാണ് കാരണം. ‘എംപിമാര്‍ക്കുള്ള എന്റെ ലളിതവും പ്രധാനപ്പെട്ടതുമായ സന്ദേശം ഇതാണ്: നമ്മള്‍ ഒരുമിച്ചു നിന്നാല്‍ മാത്രമേ നോ ഡീല്‍ ബ്രെക്‌സിറ്റ് തടയാന്‍ കഴിയൂ’ എന്ന് കോര്‍ബിന്‍ പറയുന്നു.

കരാര്‍ ഇല്ലാതെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നത് ബ്രിട്ടനില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. യു കെ യില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഉള്‍പ്പെടെ വന്‍ വിലവര്‍ദ്ധനവ് നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ഒരു റിപ്പോര്‍ട്ടുകളും പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: