കരാര്‍ രഹിത ബ്രെക്‌സിറ്റ് ; ബോറിസിനെ പൂട്ടാനൊരുങ്ങി പ്രതിപക്ഷ എം.പി മാര്‍ നിയമ നിര്‍മ്മാണത്തിന്

ലണ്ടണ്‍ : ഉടമ്പടി ഇല്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ബോറിസ് കൈകൊണ്ട നടപടിയ്‌ക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാര്‍ നിയമ നിര്‍മാണത്തിനൊരുങ്ങുകയാണ്. അതിന് ചില കണ്‍സര്‍വേറ്റീവ് എം.പിമാരും പിന്തുണ നല്‍കാന്‍ തുടങ്ങിയതോടെ ഭരണകക്ഷി എം.പിമാര്‍ സര്‍ക്കാരിനെതിരെ നീങ്ങരുതെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. നിയമ നിര്‍മാണ നീക്കത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് എം.പിമാരെ തടയാന്‍ വിപ്പ് നല്‍കാനൊരുങ്ങുകയാണ് ബോറിസ്.

നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പാക്കുന്നത് ഏതുവിധേനയും തടയാനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. കരാറോടു കൂടിയോ അല്ലാതെയോ ഒക്ടോബര്‍ 31-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. അന്തിമകാലാവധി നഷ്ടപ്പെടുന്നതിനുപകരം കരാറില്ലാതെതന്നെ പുറത്തുപോകാമെന്ന നിലപാടിലാണ് ബോറിസ് ജോണ്‍സണ്‍. ഉടമ്പടി രഹിത ബ്രെക്സിറ്റിനെതിരെ പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മ്മാണം നടത്താന്‍ എംപിമാര്‍ ഈ ആഴ്ചതന്നെ ശ്രമിച്ചേക്കും. അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ആരെങ്കിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവര്‍ത്തിക്കരുതെന്ന വിപ്പ് ലംഘിച്ചാല്‍ അവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോവുകയും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഭീഷണികള്‍ വകവയ്ക്കാതെ ടോറി എം.പിമാര്‍ ജോണ്‍സന്റെ നീക്കത്തിനെതിരെ ഉറച്ചുനിന്നാല്‍ സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വരുകയും പാര്‍ലമെന്റിന്റെ നിയന്ത്രണം ജെറമി കോര്‍ബിന് കൈമാറുകയും ചെയ്യേണ്ടിവരും. സര്‍ക്കാരിനെതിരെ വോട്ടുചെയ്യുകയോ അല്ലെങ്കില്‍ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ അതിനെ വിമത നീക്കമായാണ് വ്യാഖ്യാനിക്കുക.

അതേസമയം, പാര്‍ലമെന്റ് മരവിപ്പിക്കുന്ന ബോറിസ് ജോണ്‍സണ് എതിരെ ലണ്ടനില്‍ ശക്തമായ ജനകീയ പ്രതിഷേധ റാലി തുടരുകയാണ്. കഴിഞ്ഞ ദിവസവും പതിനായിരക്കണക്കിന് പേരാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ഡൗണിംഗ് സ്ട്രീറ്റിലെത്തി പ്രതിഷേധിച്ചത്. പാര്‍ലമെന്റിലെ ഭൂരിഭാഗം എം.പി.മാര്‍ക്കും താത്പര്യമില്ലാത്ത സാഹചര്യത്തില്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നത് ബോറിസ് ജോണ്‍സണ് എളുപ്പമാകില്ല എന്നാണ് വിലയിരുത്തല്‍

Share this news

Leave a Reply

%d bloggers like this: