കയ്യേറ്റങ്ങള്‍ക്ക് സാധുത നല്‍കിയ ചട്ട ഭേദഗതിക്കെതിരെ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത

തിരുവനന്തപുരം: 2005 വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് സാധുത നല്‍കിയ ചട്ട ഭേദഗതിക്കെതിരെ കോണ്‍ഗ്രസില്‍ കലാപം. ഭേദഗതിയെ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് പാര്‍ട്ടിതല അന്വേഷണം വേണമെന്നു ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. ഇടുക്കിക്ക് പിന്നാലെ പത്തനംതിട്ട ഡിസിസി പ്രസിഡന്റും ഭേദഗതിക്കെതിരെ രംഗത്തെത്തി.

വിശദീകരണവുമായി റവന്യൂമന്ത്രി ഇന്ന് വി.എം. സുധീരനെ കാണും.
റവന്യൂ വകുപ്പിന്റെ ഭേദഗതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരും കൂട്ടത്തോടെ പരസ്യമായി രംഗത്തെത്തി. കയ്യേറ്റക്കാരെ സഹായിക്കുന്നതാണ് ഭേദഗതിയെന്ന് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. വിഷയം പാര്‍ട്ടിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്വാറി, ടൂറിസം കയ്യേറ്റക്കാരെ സഹായിക്കുന്നതാണു ഭേദഗതിയെന്ന് ടി.എന്‍. പ്രതാപനും ആരോപിച്ചു.

വിയോജിപ്പ് അറിയിച്ച് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജും രംഗത്തെത്തി. വിഷയം പാര്‍ട്ടിയില്‍ ഉന്നയിക്കും. ഭ്രാന്തന്‍ തീരുമാനമെന്ന് ഇടുക്കി മുന്‍ എംപി പി.ടി തോമസും വിമര്‍ശിച്ചു.
വൈകിട്ട് ഏഴുമണിക്കാണു വിശദീകരണവുമായി റവന്യൂമന്ത്രി കെപിസിസി പ്രസിഡന്റിനെ കാണുന്നത്. ചര്‍ച്ചയില്‍ ഇടുക്കി ഡിസിസി പ്രസിഡന്റും പങ്കെടുക്കും. ഇതിനിടെ സര്‍ക്കാര്‍ തീരുമാനം അപലപനീയമെന്ന് താമരശേരി ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു.

ചട്ട ഭേദഗതി പ്രഹസനമാണമെന്നു പറഞ്ഞ ബിഷപ്പ് യുഡിഎഫ് കര്‍ഷക വിരുദ്ധമെന്ന് ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനം വെല്ലുവിളിയെന്നു കവയത്രി സുഗതകുമാരി പറഞ്ഞു. ഭേദഗതി ആര്‍ക്കു വേണ്ടിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിലും പുറത്തും ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ ഭൂമി പതിവ് ചട്ട ഭേദഗതി കടുത്ത വിവാദത്തിലായി.

Share this news

Leave a Reply

%d bloggers like this: