കമ്പ്യൂട്ടര്‍ തകരാറില്‍ വലഞ്ഞ് ഐറിഷ് യാത്രക്കാരും ; ബ്രിട്ടീഷ് എയര്‍വേസ് വിമാനസര്‍വിസ് ഭാഗികമായി പുനരാരംഭിച്ചു

കമ്പ്യൂട്ടര്‍ തകരാറിനെതുടര്‍ന്ന് റദ്ദാക്കിയ ബ്രിട്ടീഷ് എയര്‍വേസിന്റെ ചില വിമാനങ്ങള്‍ മാത്രം സര്‍വിസ് പുനരാരംഭിച്ചു. ലണ്ടനിലെ ഹീത്രു, ഗാട്വിക് വിമാനത്താവളങ്ങളിലെ സര്‍വിസുകളാണ് പുനരാരംഭിച്ചത്. വെബ്‌സൈറ്റിലെ ഒരു ഭാഗത്ത് വിവരങ്ങളൊന്നും ലഭ്യമാകാതെ വന്നതോടെയാണ് തകരാര്‍ ശ്രദ്ധയില്‍പെട്ടത്. യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്പിലൂടെയും വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് ഹീത്രുവിമാനത്താവളത്തില്‍ ഐറിഷുകാരുള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി. അയര്‍ലണ്ട് ഏവിയേഷന്‍ കമ്മീഷന്‍ ബ്രിട്ടനില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളുമായി രംഗത്തുണ്ട്.

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ അധികൃതര്‍ ക്ഷമചോദിച്ചിരുന്നു. മറ്റ് വിമാനങ്ങള്‍ ബുക്കുചെയ്യുന്നതിന് സഹായിക്കുമെന്നും യാത്രക്കാര്‍ക്കുണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കുമെന്നും എയര്‍ലൈന്‍സ് അറിയിക്കുകയും ചെയ്തു. വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ എല്ലാ ചെലവുകളും വഹിക്കാന്‍ തയാറാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോട്ടല്‍മുറികള്‍ എടുത്തവര്‍ക്കും ഭക്ഷണത്തിനുമായുള്ള ചെലവുകളും വിമാനകമ്പനി തിരിച്ചുനല്‍കും.

നിരവധി യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നു. അതേസമയം, ഹീത്രൂവിമാനത്താവളത്തില്‍ യാത്രക്കാരുടെ ദുരിതം തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാംദിവസവും ഇവിടെ നിന്ന് പുറപ്പെടേണ്ട മൂന്നിലൊന്ന് വിമാനസര്‍വിസുകളും തടസ്സപ്പെട്ടു. ഗാട്വിക് വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകിയാണ് സര്‍വിസ് പുനരാരംഭിച്ചതെങ്കിലും സര്‍വീസുകളൊന്നും റദ്ദാക്കിയില്ല.

ഞായറാഴ്ച ഗാട്വിക്, ഹീത്രൂ വിമാനത്താവളങ്ങളില്‍ രാവിലെ ആറിനും 11നും ഇടക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളില്‍ കൂടുതലും സര്‍വിസ് പുനരാരംഭിച്ചെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. ഹീത്രൂവില്‍ നിന്ന് 90 വിമാനങ്ങള്‍ സര്‍വിസ് പുനരാരംഭിച്ചപ്പോള്‍ 36 എണ്ണം റദ്ദാക്കി. ഗാട്വികില്‍ നിന്ന് 17 വിമാനസര്‍വിസുകളാണ് പുനരാരംഭിച്ചത്.
എ എം

Share this news

Leave a Reply

%d bloggers like this: