കന്യാസ്ത്രീ കോണ്‍വെന്റ് കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊല്ലപ്പെട്ടതാണെന്ന് സംശയം

അധ്യാപികയായ കന്യാസ്ത്രീയെ കോണ്‍വെന്റ് കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ സൂസന്‍ മാത്യൂവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മൃതദേഹം കണ്ടെടുത്ത കിണറിനരികിലും കന്യാസ്ത്രീയുടെ കിടപ്പുമുറിയിലും ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെയോടെയാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ കഴിഞ്ഞ 12 വര്‍ഷമായി അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു സിസ്റ്റര്‍ സൂസന്‍ മാത്യൂ. കിണറിനു സമീപത്തുനിന്ന് രക്തം വീണപാടുകളും മുറിച്ചുമാറ്റിയ നിലയില്‍ മുടിയും കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പൊലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. കന്യാസ്ത്രീ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കൊലപാതകമോ ആത്മഹത്യയോ എന്ന സ്ഥിരീകരിക്കാനാവാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പുനലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോണ്‍വെന്റിലെ കന്യാസ്ത്രീകളെയും ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും.

ഇവരോട് പുറത്ത് പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍വെന്റില്‍നിന്ന് പുറത്തുപോയവരോട് മടങ്ങിയെത്താനും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് അറിയിച്ചു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: